24 April 2024 Wednesday

തേഞ്ഞിപ്പാലം പോക്‌സോ കേസ്; മുൻ സിഐക്കെതിരെ ഗുരുതര ആരോപണവുമായി വനിത എസ്‌ഐ

ckmnews



തേഞ്ഞിപ്പാലം പോക്‌സോ കേസിൽ ഫറോക്ക് മുൻ സി.ഐ സി.അലവിക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ വനിതാ എസ്.ഐ. കേസിൽ ശത്രുതാമനോഭാവത്തോടെയാണ് സി ഐ പെരുമാറിയതെന്ന് എസ് ഐ ലീലാമ്മ പി എസ്  പറഞ്ഞു. പെണ്കുട്ടിക്ക് വ്യക്തതവരുന്ന മുറക്ക് മൊഴിയെടുക്കാമന്ന തൻറെ അഭിപ്രായം സി ഐ തള്ളുകയായിരുന്നുവെന്നും ലീലാമ്മ വ്യക്തമാക്കി. 


പോക്‌സോ കേസിൻറെ തുടക്കം മുതൽ പെണ്കുട്ടിയോട് അനുഭാവപൂർണമായല്ല സി ഐ ഇടപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു. പീഡനം നടന്ന തീയതി സംബന്ധിച്ചും പീഡിപ്പിച്ചവർ വന്ന സമയം സംബന്ധിച്ചും കുട്ടിക്ക് ആ സമയത്ത് വ്യക്തത ഉണ്ടായിരുന്നില്ല. മതിയായ സമയം നൽകി മൊഴിരേഖപ്പെടുത്താമെന്നായിരുന്നു തന്റെ നിലപാട്. എന്നാൽ സി ഐ ഇത് അംഗീരിച്ചില്ല. ലീലാമ വിശദീകരിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിൽ പിഴവുണ്ടായെന്ന് കാണിച്ച് തന്നെ സസ്‌പെൻഡ് ചെയ്തതായും ലീലാമ്മ ആരോപിക്കുന്നു. കേസിൻറെ തുടക്കത്തിൽ പൊലീസിൻറെ ഭാഗത്ത് നിന്ന് നീതിയുണ്ടായില്ലെന്ന പെൺകുട്ടിയുടെ അമ്മയുടെ പ്രതികരണത്തെ ശരിവെക്കുന്നതാണ് വനിതാ എസ് ഐ യുടെ വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് ബാലവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. 


തേഞ്ഞിപ്പാലം പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബാലവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തേഞ്ഞിപ്പാലത്തെ വാടക ക്വാർട്ടേഴ്‌സിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെത്തിക്കും മുമ്പേ പെൺകുട്ടി മരിച്ചിരുന്നു. ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഏഴ് മാസം മുമ്പാണ് പീഡനം നടന്നത്.ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. പരാതി നൽകിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ആരുടെയും സഹായം ലഭിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ആരും പരിഗണിച്ചില്ലെന്നും അവർ പറഞ്ഞു. നേരത്തെയും കുട്ടി ആത്മഹത്യശ്രമം നടത്തിയിരുന്നു. പെൺകുട്ടിക്ക് മതിയായ കൗൺസിലിങ്ങും സംരക്ഷണവും കിട്ടിയില്ലെന്നും ആരോപണമുണ്ട്