19 April 2024 Friday

കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയും ഗുരുവായൂര്‍ ക്ഷേത്രത്തിൽ നടന്നത് 145 വിവാഹങ്ങള്‍

ckmnews

തൃശൂർ: ലോക്ക്ഡൗണിന്  സമാനമായ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 145 വിവാഹങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ 162 വിവാഹങ്ങളാണ് ഇന്നത്തേക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതില്‍ 17 വിവാഹങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ അഞ്ച് മുതല്‍ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടര്‍ന്നു.


തിരക്കിനനുസരിച്ച് മൂന്ന് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നല്‍കിയത്. പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.


ക്ഷേത്രനടയില്‍ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ നേരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഊഴമനുസരിച്ച് ഓരോ സംഘങ്ങളേയും വിവാഹമണ്ഡപത്തിലേക്ക് കയറ്റി വിടുകയായിരുന്നു. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാന്‍ അനുവദിച്ചതുമില്ല. ഇന്ന് ദര്‍ശനത്തിനും ഭക്തജനതിരക്കനുഭവപ്പെട്ടു.