നെന്മാറയിൽ നിന്നും ഈരാറ്റുപേട്ടയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോയിൽ കണ്ണൂരിൽ നിന്നും പിടിയിൽ
പാലക്കാട് : സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നും ഈരാറ്റുപേട്ടയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് സ്‌കൂളിന് സമീപമെത്തി കുട്ടിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റികൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടിയെ സ്‌കൂളിന് സമീപംതന്നെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയും ചെയ്തു.
പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ണൂരില്‍നിന്ന് പിടികൂടിയത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളെ പരിചയപ്പെട്ട് കെണിയിലാക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു.
പാലാ ഡിവൈ.എസ്.പി. ഷാജുജോസിന്റെ നിര്‍ദേശപ്രകാരം കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ. തോമസ് സേവ്യര്‍, എ.എസ്.ഐ ഏലിയാമ്മ ആന്റണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ആര്‍ ജിനു, സിവില്‍ പോലീസ് ഓഫീസര്‍ ശരത് കൃഷ്ണദേവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.