29 March 2024 Friday

പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു

ckmnews

പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു


എടപ്പാൾ:സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു.സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സബ്സിഡി പദ്ധതിയായ സൗര പ്രോജക്ട് 2 വിൽ ഉൾപ്പെടുത്തിയി തിരൂർ സർക്കിളിനു കീഴിലെ തവനൂർ സെക്ഷനിലാണ് പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കിയത്. തവനൂർ നിയോജക മണ്ഡലത്തിലെ ആദ്യ സൗര പ്രോജക്ട് പ്ലാൻ്റാണ് ഇവിടെ സ്ഥാപിച്ചത്.നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിൽ സ്ഥാപിച്ച സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം എം.എൽ.എ കെ.ടി.ജലീൽ നിർവ്വഹിച്ചു. 4.62 കിലോ വാട്ട്സ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ശേഷിയുള്ള  പുരപ്പുറം സോളാർ യൂണിറ്റാണ്  സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ സൗരോർജ്ജ വൈദ്യുതി ഉൽപ്പാദനശേഷി 1000 മെഗാവാട്ടായി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സർക്കാർ ഊർജ്ജ കേരള മിഷൻ പദ്ധതിക്ക് കിഴിൽ സൗര പ്രോജക്ട് ഫെയ്സ് 2 പദ്ധതി നടപ്പിലാക്കുന്നത്.500 മെഗാവാട്ട് പുരപ്പുറ സോളാർ പ്ലാൻ്റുകൾ മുഖേനയാണ് പദ്ധതി ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്.ഇതിൽ 250 മെഗാവാട്ട് കേന്ദ്ര സർക്കാർ സബ്സിഡി നൽകും. മാർച്ച് മാസത്തിനകം 100 മെഗാവാട്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.മൂന്ന് കിലോവാട്ട്സ് വരെ 40 ശതമാനവും സബ്സിഡിയും മൂന്ന് മുതൽ 10 കിലോവാട്ട്സ് വരെ 20 ശതമാനവും സബ്സിഡി ലഭിക്കും.വൈദ്യുതി വകുപ്പിൻ്റെ മേൽനോട്ടത്തിൽ ടാറ്റാ പവർ സോളാർ കമ്പിനിയാണ് അബ്ദുൽ കാദറിൻ്റെ വീട്ടിൽ സോളാർ യൂണിറ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് .ചടങ്ങിൽ വാർഡ് മെമ്പർ അമ്മായത്ത് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എം.എ.ഷാജു, എടപ്പാൾ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനിയർ ബാബുരാജ്.പൊന്നാനി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനിയർ മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.