28 March 2024 Thursday

സൗദി മോഹനൻ്റെ തട്ടുകടയിലെ പരിപ്പ് വടക്ക് ആവശ്യക്കാർ സാധാരണക്കാർ മുതൽ വി.ഐ.പികൾ വരെ

ckmnews


എടപ്പാൾ:നടുവട്ടം സെൻ്ററിലൂടെ പോകുമ്പോൾ പരിപ്പ് വടയുടെ മണം അനുഭവിക്കാത്തവർ വളരെ വിരളം മാത്രം.കാരണം സൗദി മോഹനൻ്റെ പരിപ്പ് വടയുടെ മണവും രുചിയും ഒന്ന് വേറെ തന്നെ. വർഷങ്ങളായി നടുവട്ടത്ത് തട്ടുകട നടത്തുന്നയാളാണ് സൗദി മോഹനൻ. നടുവട്ടം മന്ദാര വളപ്പിൽ മോഹനനാണെങ്കിലും സൗദി മോഹനൻ എന്നാണ് നാട്ടിൽ അറിയപ്പെടുക.കുറച്ച് കാലം സൗദി അറേബ്യയിൽ ജോലി ചെയ്തിട്ടുണ്ട് ' അക്കാലത്ത് കിട്ടിയ പേരാണ് സൗദി മോഹനൻ. പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേൽക്കുന്ന മോഹനൻ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് തട്ടുകടയിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. ആറ് മണിയോടെ തട്ടുകടയിൽ എത്തിയാൽ പിന്നെ രാത്രി 8 വരെ തട്ടുകടയിൽ തന്നെ. ചായയും പരിപ്പ് വടയും മാത്രം വിറ്റിട്ടാണ് തൻ്റെ കുടുംബം വർഷങ്ങളായി പോറ്റി വരുന്നത്. ഭാര്യ സ്വർണ്ണാംബിക.മക്കൾ മൂന്ന് പേർ.നടുവട്ടം സെൻ്ററിലെത്തുന്നവർ സൗദി മോഹനൻ്റെ പരിപ്പ് വട വാങ്ങാതെ പോകാറില്ല. ഒരു കസ്റ്റമർ കടയിൽ വന്നാൽ ചായ കൂട്ടുന്നത്തിനിടയിൽ നാട്ടുകാര്യം മുതൽ അന്താരാഷ്ട്ര ചർച്ചകൾ വരെ പറയും സൗദി മോഹനൻ.തൻ്റെ പരിപ്പുവടയുടെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ അങ്ങാടി മുളക് ഉണക്കി പൊടിച്ച് ഉണ്ടാക്കുന്നതുകൊണ്ടാണ് രുചി കിട്ടുന്നതെന്ന് സൗദി മോഹനൻ പറയുന്നു.ചായ കുടിക്കുന്നവർ മാത്രമല്ല കിലോമീറ്റർ താണ്ടി വണ്ടിയിൽ പരിപ്പ് വട പാർസൽ വാങ്ങാൻ എത്തുന്നവരും നിരവധിയാണ്


റിപ്പോർട്ട്:കണ്ണൻ പന്താവൂർ