29 March 2024 Friday

കുന്നംകുളം നഗരത്തിലെ അനധികൃത ഷെഡ്ഡുകൾ പൊളിച്ചു നീക്കി തുടങ്ങി.

ckmnews


കുന്നംകുളം : നഗരസഭ പ്രദേശത്തെ വിവിധ റോഡുകളിൽ അനധികൃതമായി കെട്ടിയുണ്ടാക്കി കച്ചവടം ചെയ്യാതെ കിടന്നിരുന്ന അനധികൃത ഷെഡ്ഡുകൾ നഗരസഭ ആരോഗ്യ വിഭാഗം പൊളിച്ച് നീക്കിത്തുടങ്ങി.

പൊതു റോഡുകൾ കയ്യേറി പലയിടങ്ങളിലും ഷെഡ്ഡുകൾ കെട്ടിയിട്ട് കൈമാറി  നൽകുന്ന തെറ്റായ സമീപനം നടക്കുന്നു എന്നുള്ളതിൻ്റെ അടിസ്ഥാനത്തിൽ ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അനധികൃത ഷെഡുകൾ പൊളിക്കുന്നത്.

റസ്ട്രിക്ടഡ് സോണിൽ സ്ട്രീറ്റ് വെൻഡിംഗ് റജിസ്ട്രേഷൻ ഇല്ലാതെയുള്ള കച്ചവടങ്ങളും, റജിസ്ട്രേഷൻ എടുത്തതിന് ശേഷം കൂടുതൽ വിപുലീകരിച്ച് നടത്തുന്ന വഴിവാണിഭങ്ങളും, നിലവിൽ ലൈസൻസ് എടുത്ത് നടത്തുന്ന കച്ചവട സ്ഥാപനത്തിൻ്റെ പരിസരത്ത് സമാന സ്വഭാവമുള്ള കച്ചവടങ്ങളും അനുവദിക്കേണ്ടതില്ലെന്ന് തെരുവ് കച്ചവട സമിതി തീരുമാനമെടുത്തിട്ടുണ്ട്

മേൽ പറഞ്ഞ രീതിയിലുള്ള എല്ലാ അനധികൃത കച്ചവടങ്ങളും നീക്കം ചെയ്യുന്നതാണ്.

 ഉപജീവനത്തിന് അനിവാര്യമായ കച്ചവടം എന്നതിലുപരി മൊത്തക്കച്ചവട രീതിയിൽ വലിയ ഷെഡ്ഡുകൾ കെട്ടി പന്തലുകളും ഫർണിച്ചറുകളും ഉപയോഗിച്ച് വലിയതോതിൽ കൂടുതൽ ആളുകളെ വേതനത്തിന് നിറുത്തി നടത്തുന്ന കച്ചവടങ്ങൾ വഴിവാണിഭത്തിൻ്റെ സ്വഭാവത്തിൽ നിന്നും വ്യതിചലിക്കുന്നതാണ്.

അത്തരം കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.മോഹൻദാസ്, പി.എ.വിനോദ് ,

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ വർഗ്ഗീസ്, വി.രമിത തുടങ്ങിയവർ അനധികൃത വഴിവാണിഭം നിയന്ത്രിക്കുന്നതിന് നേതൃത്വം നൽകി.