20 April 2024 Saturday

കീ വേണ്ട; ഐഫോണുണ്ടെങ്കില്‍ കാറ് സ്റ്റാര്‍ട്ടാക്കാം. വരുന്നു അപ്പ്ഡേഷൻ 14

ckmnews

കീ വേണ്ട. ഐഫോണ്‍ മതി ഇനി നിങ്ങളുടെ കാര്‍ സ്റ്റാര്‍ട്ട് അക്കാന്‍. ഐ ഫോണിന്റെ പുതിയ ഒഎസ് വേര്‍ഷനായ 14ലാണ് പുതിയ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(എന്‍എഫ്‌സി)സംവിധാനമുപയോഗിച്ച് ഹാന്‍ഡിലില്‍ തൊട്ടാല്‍മതി. കാര്‍ സ്റ്റാര്‍ട്ടാക്കാം. അതുപോലെതന്നെ ഓഫ് ചെയ്യാനും കഴിയും. 

ഐ ഫോണ്‍ ഉപയോഗിക്കുന്നമറ്റൊരാള്‍ക്ക് ആവശ്യമെങ്കില്‍ താക്കോല്‍ കൈമാറാനും കഴിയും. ഇങ്ങനെ കൈമാറുന്നവരുടെ കാര്‍ ഉപയോഗം നിയന്ത്രിക്കാനും അവസരമുണ്ട്. 

ഹാന്‍ഡിലിനോട് ചേര്‍ന്ന് പിടിക്കാതെതന്നെ ഉപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ സംവിധാനം പരിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പുതിയ യുഐ ചിപ്പ് വികസിപ്പിക്കാനിരിക്കുകയാണ് കമ്പനി. പോക്കറ്റിലോ മറ്റോവെച്ചാലും പ്രവര്‍ത്തിപ്പിക്കാന്‍ ഇതിലൂടെ കഴിയും. 

നിലവില്‍ ഒരൊറ്റകാറിലും ഇത് ഉപയോഗിക്കാനാവില്ല. അടുത്തമാസം യുഎസില്‍ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്‌ളിയു 5 സീരിസില്‍ ഈ സംവിധാനമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

ഐഒഎസ് 13ലും പുതിയ സംവിധാനം ഉള്‍പ്പെടുത്തുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ തിരഞ്ഞെടുത്തയിടങ്ങളില്‍ ഉപയോഗിച്ചുതുടങ്ങാം. വൈകാതെ മറ്റുകാറുകളിലും പ്രവര്‍ത്തിപ്പിക്കാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അപ്പിള്‍ അധികൃതര്‍ പറയുന്നു

ഐ ഫോണിന് പുതിയ ഹോം സ്‌ക്രീനും പുതിയ സൗകര്യങ്ങളും; IOS 14 അവതരിപ്പിച്ചു

പ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഐഓഎസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഓഎസ് 13ന്റെ പിന്‍ഗാമിയാണിത്. പുതിയ രൂപകല്‍പനയിലുള്ള ഐഫോണ്‍ ഹോം സ്‌ക്രീന്‍,  പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ, മെച്ചപ്പെട്ട വിഡ്‌ജെറ്റുകള്‍, ആപ്പുകള്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനുള്ള ആപ്പ് ലൈബ്രറി,  പുതിയ സിരി ഇന്റര്‍ഫെയ്‌സ് തുടങ്ങിയവ ഐഓഎസ് 14-ന്റെ സവിശേഷതകളാണ്. ഇതോടൊപ്പം പുതിയ ഒരു ട്രാന്‍സ്ലേഷന്‍ ആപ്പ്, ഐ ഫോണ്‍ ഉപയോഗിച്ച് കാര്‍ അണ്‍ലോക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയും പുതിയ ഐഓഎസിലുണ്ട്. ഹോം സ്‌ക്രീന്‍ കേന്ദ്രീകരിച്ചാണ് ഐഓഎസ് 14-ന്റെ പ്രധാന ഫീച്ചറുകളെല്ലാം. 

ഐഓഎസ് 14-ന്റെ ഡെവലപ്പര്‍ പതിപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. പബ്ലിക് ബീറ്റ പതിപ്പ് ജൂലായില്‍ പുറത്തിറക്കും. ഐഒഎസിന്റെ അന്തിമ പതിപ്പ് ഐഫോണ്‍ 12 ഫോണിനൊപ്പമായിരിക്കും പുറത്തിറക്കുകയെന്നാണ് വിവരം. ഐഓഎസ് 13 പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും ഐഓഎസ് 14 പ്രവര്‍ത്തിക്കും. 

2007-ല്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ട ശേഷം ഐഫോണിന്റെ ഹോം സ്‌ക്രീനില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഈ രീതിയ്ക്കാണ് ഐഓഎസ് 14-ലൂടെ മാറ്റം വരുന്നത്.

ആപ്പ് ലൈബ്രറി 

ആപ്ലിക്കേഷനുകളെ ഓരോ പ്രത്യേക വിഭാഗങ്ങളാക്കി ക്രമീകരിക്കുന്ന പ്രത്യേക പേജ് ആണ് ആപ്പ് ലൈബ്രറി. ഉദാഹരണത്തിന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവ സോഷ്യല്‍ ആപ്പുകള്‍ എന്ന വിഭാഗത്തിലേക്ക് ക്രമീകരിക്കും. ആപ്പ് ലൈബ്രറി രീതി താല്‍പര്യമില്ലെങ്കില്‍ പഴയ രീതിയില്‍ തന്നെ ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സമാനമായ ഫീച്ചര്‍ ലഭ്യമാണ്. ഇത് ഓട്ടോമാറ്റിക് അല്ല. എങ്കിലും ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത്  വരുന്ന പല ആപ്ലിക്കേഷനുകളും പ്രത്യേകം വിഭാഗങ്ങളായി ക്രമീകരിക്കുന്ന രീതിയ പല ആന്‍ഡ്രോയിഡ് ഫോണുകളിലും ഉണ്ട്. 

ആപ്പ് ക്ലിപ്പ്‌സ്

ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമാണ് ഐഓഎസ് 14-ന്റെ മറ്റൊരു സവിശേഷത. ഉദാഹരണത്തിന് നിങ്ങള്‍ കോഫി ഷോപ്പില്‍ പോവുകയാണ്. ആ ഷോപ്പില്‍ എന്തെങ്കിലും റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്തതായി കാണുന്നു. എന്നാല്‍ അത് ഉപയോഗിക്കാന്‍ കോഫി ഷോപ്പിന്റെ ആപ്ലിക്കേഷന്‍ വേണം. എന്നാല്‍  ഫോണില്‍ ആ ആപ്ലിക്കേഷനില്ല. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ചോ ആ സേവനം ഉപയോഗപ്പെടുത്താം. അങ്ങനെ ചെയ്യുമ്പോള്‍ താല്‍കാലികമായി ഒരു പോപ്പ അപ്പ് വിന്‍ഡോ തുറക്കുകയും അതുവഴി ആ കോഫി ഷോപ്പുമായി ഇടപാട് നടത്തി റിവാര്‍ഡ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവും. 

ആപ്ലിക്കേഷനുകള്‍ താല്‍കാലികമായി ഉപയോഗിക്കാനുള്ള സൗകര്യമാണിത്. ആപ്പിള്‍ പേ സേവനം ആപ്പ് ക്ലിപ്പുമായി ബന്ധിപ്പിക്കാം. തേഡ് പാര്‍ട്ടി ആപ്പുകള്‍ ഡിഫോള്‍ട്ട് ആക്കാം

തേഡ് പാര്‍ട്ടി ഇ മെയില്‍ ആപ്പുകളും ബ്രൗസറുകളും ഡിഫോള്‍ട്ട് ആപ്പുകളായി സെറ്റ് ചെയ്യാം. അതായത് ജിമെയല്‍ ആപ്പ് ഐഫോണില്‍ ഡിഫോള്‍ട്ട് ഇ മെയില്‍ ആപ്പ് ആയി ഉപയോഗിക്കാം. ഫയര്‍ഫോക്‌സോ ഗൂഗിള്‍ ക്രോമോ ഡിഫോള്‍ട്ട് ഇന്റര്‍നെറ്റ് ബ്രൗസറായോ ഉപയോഗിക്കാം. കാലങ്ങളായി ഐഫോണ്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സൗകര്യമാണിത്. 

പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ

ഐപാഡ് ഓഎസിലും, മാക് ഓഎസിലും ഉള്ളത് പോലെ പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ ഹോം സ്‌ക്രീനില്‍ലഭിക്കും. ഇതുവഴി വീഡിയോ കണ്ടുകൊണ്ട് ഫോണില്‍ മറ്റെന്തും ചെയ്യാം. ഫോണ്‍ ചെയ്യുമ്പോഴും ഫെയ്‌സ്‌ടൈം ചെയ്യുമ്പോഴും വീഡിയോ പ്രവര്‍ത്തിക്കും. 

ഇതുപോലെ സിരി, മീമോജി എന്നിവയിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.