24 April 2024 Wednesday

വട്ടംകുളം പഞ്ചായത്തിൽ 45 കോടിയുടെ കുടിവെള്ള പദ്ധതി വരുന്നു

ckmnews


എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ 45 കോടിയുടെ കുടിവെള്ള പദ്ധതി വരുന്നു. കേന്ദ്ര-കേരള സർക്കാരുകളും, ഗ്രാമ പഞ്ചായത്തും ,ഗുണഭോക്താക്കളും പങ്കുവഹിച്ചാണ് 45 കോടി രൂപ കണ്ടെത്തിയിരിക്കുന്നത്. ജലജീവൻ എന്നപദ്ധതിയുടെ ഭാഗമായി രണ്ടു ടാങ്കുകളാണ്സ്ഥാപിക്കുക.

കെ.എസ്.ആർ.ടി.സി റീജനൽ വർക് ഷോപ്പിന് സമീപവും, ചേകനൂർ കാലഞ്ചാടികുന്നിലും ടാങ്കുകൾ നിർമ്മിക്കാനാവശ്യമായ സ്ഥലങ്ങൾ കണ്ടെത്തി കഴിഞ്ഞു. സ്ഥലം ജല അതോറിട്ടിക്ക് കൈമാറാനുള്ള കാര്യങ്ങൾ അടുത്തു തന്നെ പൂർത്തീകരണത്തിലെത്തും.25 ലക്ഷം ലിറ്റർ ജലം ഒരു ടാങ്കിൽ സംഭരിക്കാൻ ശേഷിയുണ്ടാകും. ഭാരതപ്പുഴയിലെ തൃക്കണാപുരത്ത് നിന്നാണ് പമ്പിങ് നടത്തുക. നിലവിലെ ഡാനിഡ പദ്ധതിയുടെ പൈപ്പുകൾ ഒഴിവാക്കി പുതിയ പൈപ്പുകൾ സ്ഥാപിക്കും ഇതിനായി മീറ്ററും സ്ഥാപിക്കും. പദ്ധതി നിർമ്മാണത്തിനാവശ്യമായ പൈപ്പുകൾ മാ ണൂർ, നെല്ലിശ്ശേരി എന്നിവിടങ്ങളിലായി എത്തിച്ചു കഴിഞ്ഞു.മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കേണ്ടതെങ്കിലും ഒറ്റഘട്ടത്തിൽപൂർത്തീകരിക്കാനാണ് വട്ടംകുളം പഞ്ചായത്തിൻ്റെ തീരുമാനം. പൈപ്പ് ലൈൻ സ്ഥാപിക്കൽ, ടാങ്ക് നിർമ്മാണം, പൊതുജനങ്ങളിൽ ബോധവൽക്കരണത്തിനായി ജല സാക്ഷരത എന്നിവ ഒറ്റഘട്ടത്തിൽ നടത്താനാണ് പഞ്ചായത്തിൻ്റെ തീരുമാനം.2024 ൽ പദ്ധതി പൂർത്തീകരിച്ച് ജനങ്ങൾക്കായി സമർപ്പിക്കും.കേന്ദ്ര സർക്കാരിൻ്റെ 45 ശതമാനവും, സംസ്ഥാന സർക്കാരിൻ്റെ 30 ശതമാനവും, പഞ്ചായത്തിൻ്റെ 15 ശതമാനവും ,ഗുണഭോക്തൃവിഹിതമായി 10 ശതമാനവും ഉൾക്കൊള്ളച്ചുള്ളതാണ് 45 കോടി രൂപ. പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, മെമ്പർ മൻസൂർ മരയങ്ങാട്ട്, അഷറഫ് മാ ണൂർ, അഷറഫ് പാലത്തിങ്ങൽ, വി.പി.റഷീദ് എന്നിവർ ചേർന്ന് പദ്ധതി പ്രദേശത്തെത്തി പൈപ്പുകൾ ഏറ്റുവാങ്ങി.