19 April 2024 Friday

മൂന്നാം തരംഗത്തെ നേരിടുമ്പോഴും രാജ്യം സാമ്പത്തിക വളർച്ചയിലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ckmnews

മൂന്നാം തരംഗത്തെ നേരിടുമ്പോഴും രാജ്യം സാമ്പത്തിക വളർച്ചയിലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി


കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുമ്പോഴും രാജ്യം സാമ്പത്തിക വളർച്ച നിലനിർത്തുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതീക്ഷകളുടെ പൂച്ചെണ്ടാണ് ഇന്ത്യ ലോകത്തിനു നൽകുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജൻഡ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.


‘രാജ്യത്തു പരിഷ്കാരങ്ങൾക്കുള്ള അവസരമായി കോവിഡിനെ ഉപയോഗപ്പെടുത്തി. നിങ്ങളോടു സംസാരിക്കുമ്പോൾ ഇന്ത്യ കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണ്. ശരിയായ വിധത്തിലുള്ള പരിഷ്കരണ നടപടികളെ ആഗോള സാമ്പത്തിക വിദഗ്ധർ പ്രശംസിച്ചിട്ടുണ്ട്. കേവലം ഒരു വർഷത്തിനുള്ളിൽ ഇന്ത്യ 160 കോടി ഡോസ് കോവിഡ് വാക്സീൻ നൽകി. ജനാധിപത്യത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പ്രതീക്ഷ ഇന്ത്യ ലോകത്തിനു സമ്മാനിച്ചു.

കോവിഡ് വ്യാപന വേളയിൽ ഏക ഭൂമി, ഏക ആരോഗ്യം എന്നതായിരുന്നു ഇന്ത്യയുടെ കാഴ്ചപ്പാട്. നിരവധി രാജ്യങ്ങളിലേക്കു മരുന്നുകൾ അയച്ചതുവഴി ദശലക്ഷക്കണക്കിനു മനുഷ്യജീവനുകൾ രക്ഷിക്കാനായി. ഇന്നു ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യ. പ്രതിസന്ധി ഘട്ടത്തിൽ ഐടി മേഖല മുഴുവൻ സമയവും ജോലി ചെയ്തു. ലോകത്തിനു വളരെയേറെ സോഫ്‍റ്റ്‍‌വെയർ പ്രഫഷനലുകളെയാണ് രാജ്യം സംഭാവന ചെയ്തത്. ആരോഗ്യസേതു ആപ്പ്, കോവിൻ പോർട്ടൽ എന്നിവ ഇന്ത്യയുടെ അഭിമാന പദ്ധതികളാണ്.

ലൈസൻസ് രാജ് ഉൾപ്പെടെ രാജ്യത്തു ബിസിനസ് ചെയ്യാനുള്ള തടസ്സങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണിത്. രാജ്യത്തുള്ള യുവാക്കൾ പുത്തൻ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. 60,000ന് മുകളിൽ സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ആരംഭിച്ചു. അടുത്ത 25 വർഷം മുന്നിൽക്കണ്ടുള്ള നയങ്ങളും തീരുമാനങ്ങളുമാണു രാജ്യം സ്വീകരിക്കുന്നത്. സുസ്ഥിരവും സുതാര്യവും ഹരിത മാതൃകയിലും ആയിരിക്കും പദ്ധതികളെല്ലാം’– മോദി പറഞ്ഞു