25 April 2024 Thursday

ടിപിആര്‍ കുത്തനെ കൂടി; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌..

ckmnews

ടിപിആര്‍ കുത്തനെ കൂടി; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌..


സംസ്ഥാനത്ത് കോവിഡ് വൈറസ് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധത്തിലുള്ള പൊതുപരിപാടികളും നിരോധിച്ചത്. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ് .


എല്ലാ സർക്കാർ, അർധസർക്കാർ സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ.

ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവികളെ ചുമതലപ്പെടുത്തി.


ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഇതിനായി സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളുമായുള്ള ബസ് യാത്ര അനുവദനീയമല്ല.

കൊറോണ വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം സാമൂഹിക അകലം പാലിക്കലാണെന്ന് കലക്ടർ പറഞ്ഞു. നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു