20 April 2024 Saturday

ജോക്കോവിച്ചിനെ നാടുകടത്തും, ഇനി മൂന്നു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനുമാകില്ല.

ckmnews

സിഡ്‌നി: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകില്ല. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നല്‍കിയ അപ്പീല്‍ കോടതി തള്ളി. ഇതോടെ താരത്തെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തും. ഇനി മൂന്നു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനുമാകില്ല. 


കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലയയില്‍ പ്രവേശിച്ച സെര്‍ബിയന്‍ താരത്തിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രണ്ടാം തവണയും റദ്ദാക്കിയത്. നേരത്തെ ഓസ്‌ട്രേലിയയില്‍ പ്രവേശിച്ച ഉടനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍വച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അഭയാര്‍ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അപ്പീലിന് പോയ ജോക്കോവിച്ചിന് അനുകൂലമായ വിധി വന്നു. അഞ്ചുദിവസത്തിനുശേഷം താരത്തെ മോചിപ്പിച്ചു. 


ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ടൂര്‍ണമെന്റില്‍ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയം വിസ വീണ്ടും റദ്ദാക്കിയത്. കോവിഡ് വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയയില്‍ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി.


ഡിസംബര്‍ 16-ന് താന്‍ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിന്‍ എടുക്കാതിരുന്നത് എന്നാണ് ജോക്കോ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അതിന്റെ പിറ്റേന്ന് ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷന്‍ ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോള്‍ ഒരു മാധ്യമറിപ്പോര്‍ട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.


ഇമിഗ്രേഷന്‍ ഫോമില്‍, രണ്ടാഴ്ചയ്ക്കിടെ യാത്രകള്‍ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നല്‍കിയ മറുപടി. എന്നാല്‍, സ്‌പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകള്‍ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുര്‍ഘടകാലത്ത് ഇത്തരം തെറ്റുകള്‍ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.