24 April 2024 Wednesday

ശബരിമല സന്നിധാനത്തെ അയ്യപ്പ സേവാ സംഘം പാചകപ്പുരയിൽ കുറ്റിപ്പുറത്തിൻ്റെ കൈപ്പുണ്യം

ckmnews


ശബരിമല/കുറ്റിപ്പുറം:സന്നിധാനത്ത് അയ്യപ്പസേവാ സംഘത്തിൻ്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് പേർക്ക് നൽകുന്ന ഭക്ഷണത്തിൻ്റെ പാചകപ്പുരയിൽ കുറ്റിപ്പുറത്തെ കൂരടയിലെ സുരേഷിൻ്റെ കൈപ്പുണ്യവും.കാലത്ത്  മൂന്ന് മണിക്ക് എഴുന്നേറ്റ് അടുക്കളയിലേക്ക് കടക്കുന്ന പാചകക്കാർക്ക് രാത്രി ഹരിവരാസനം വരെ നോൺ സ്റ്റോപ്പ് ഭക്ഷണ ക്രമമാണ്.കാലത്ത് ഏഴ് മണിക്ക് തുടങ്ങുന്നു ഉപ്പുമാവും ഇഡ്ഡലിയും.ചില ദിവസങ്ങളിൽ ഇത് പൊങ്കലും ആയിരിക്കും.കൂടെ ഇതിലേക്ക് സാമ്പാറും ചട്ണിയും. കാലത്തെ ഭക്ഷണം കഴിയുന്നതോടെ ഏകദേശം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഭക്ഷണ വിതരണം തുടങ്ങുന്നുണ്ട്.ഊണിലേക്ക് സാമ്പാർ, രസം, ഉപ്പേരി.അങ്ങനെ നീളും. ചില ദിവസങ്ങളിൽ പായസവും കേസരിയോടെ മധുരത്തോടെ  കൊടുക്കുന്നു.ഇത് ഏകദേശം നാല് മണി വരെ നീളും.പിന്നീട് വൈകീട്ട് ഏഴ് മുതൽ ഉപ്പുമാവ് അല്ലെങ്കിൽ കഞ്ഞി ഇതിലേക്ക് അച്ചാറും സാമ്പാറും കഞ്ഞിയിലേക്ക് പയറും വേറെയുണ്ടാവും.വൈകുന്നേരത്തെ ഭക്ഷണം രാത്രി പതിനൊന്ന് വരെ നീളുന്നു.ഇവിടെ എ ത്തുന്നവർക്ക് തികച്ചും സൗജന്യമായാണ് ഇവയെല്ലാം നൽകുന്നത്.നിരവധി പേരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളാണ് ഇതിൻ്റെ ഉത്തേജകം.കാലത്ത് 3 മണി മുതൽ തുടങ്ങുന്ന ഈ രുചിക്കൂട്ടുകൾക്ക് പിന്നിൽ  കുറ്റിപ്പുറം കൂരട സ്വദേശിയായ സുരേഷും സംഘവും തന്നെയാണ്. മണ്ഡല മകരവിളക്ക് കാലത്ത് ഇവരുടെ സേവനം തുടരും.ഇനി നടയടച്ച ശേഷം മാത്രമെ സുരേഷ് നാട്ടിലേക്ക് മടങ്ങു. സുരേഷ് നാട്ടിലെ വീടുകളുടെ മുറ്റങ്ങളിൽ കട്ട വിരിക്കൽ തൊഴിൽ ചെയ്യുന്ന ആളാണ്.കുറ്റിപ്പുറം കൂരട സ്വദേശി സുരേഷിനെ ക്കൂടാതെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശികളായ പരമേശ്വരൻ ഊട്ടറ,ശിവദാസൻ ഊട്ടറ, രാജീവ് ഊട്ടറ എന്നിവർ പതിമൂന്ന് വർഷമായി ഭക്ഷണപ്പുരയിൽ ഉണ്ട്.ഇവർക്ക് സഹായികളായി സേവാ സംഘത്തിൻ്റെ ഗോവ,കർണ്ണാടക ആന്ധ്ര, തമിഴ്നാട് എവിടങ്ങളിൽ നിന്നുള്ള സൗജന്യ സേവകൻമാരും സഹായത്തിനായി എത്താറുണ്ട്.സുരേഷിൻ്റേയും കൊല്ലങ്കോട്ടുകാരുടേയും കൈപ്പുണ്യത്തിൻ്റെ രുചി അറിഞ്ഞവരിൽ സാധാരണക്കാർ മുതൽ വി.ഐ.പികൾ വരെയുണ്ട്‌.വിവിധ ദേശങ്ങളിലുള്ളവർ സന്തോഷത്തോടെ അയ്യപ്പ സേവാ സംഘം ക്യാമ്പിൽ നിന്നും ഭക്ഷണം കഴിച്ച് നാട്ടിലേക്ക് മടങ്ങുന്നു.


റിപ്പോർട്ട്:കണ്ണൻ പന്താവൂർ