28 March 2024 Thursday

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ : 55 വയസുകാരനായ തൃശൂർ സ്വദേശി അറസ്റ്റിൽ , പല മാന്യന്മാരും കുടുങ്ങും

ckmnews


കൊച്ചി∙ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സമൂഹത്തിൽ മാന്യൻമാരായ ചിലർ കുടുങ്ങുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ. വാട്സാപ്പ് ഗ്രൂപ്പിൽ വിഡിയോ ഷെയർ ചെയ്തതിനെ തുടർന്ന് ഇന്നലെ രണ്ടു പേർ പിടിയിലായതിനു പിന്നാലെ കൂടുതൽ ആളുകൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും മോശമല്ലാത്ത കുടുംബ ജീവിതം നയിക്കുന്നവരും മാന്യൻമാരുമാണ് ഗ്രൂപ്പിലെ അംഗങ്ങളിൽ ഏറെയുമെന്ന് പൊലീസ് പറഞ്ഞു. വിദേശത്തു നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.സംഭവത്തിൽ ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ 55 വയസുകാരനായ തൃശൂർ ദേശമംഗലം സ്വദേശി എൻ.കെ. സുരേഷ് എന്നയാളാണ്. ഇയാൾ ലൈംഗിക വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി വാട്സാപ് ഗ്രൂപ്പുകളുടെ അംഗവും അഡ്മിനുമാണ് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ചേർത്തല ആർത്തുങ്കൽ സ്വദേശി കിരൺ(23) ആണ് ഗ്രൂപ്പിന്റെ അഡ്മിൻ. ഇയാളും പിടിയിലായി. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയിലുള്ള ആളാണ് സുരേഷ് എന്നാണ് വിവരം. സുരേഷിന്റെ നിർദേശപ്രകാരമാണത്രെ കിരൺ ‘ഫ്രണ്ട്സ്’ എന്ന പേരിൽ വാടസ്ആപ് ഗ്രൂപ് ആരംഭിച്ചത്. പ്രതികൾക്കെതിരെ പോക്സോ, ഐടി ആക്ടുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. 

കണ്ണിചേർത്തത് പ്ലാനറ്റ് റോമിയോ

ഒന്നര വർഷം മുമ്പ് കിരൺ ആരംഭിച്ച വാട്സാപ് ഗ്രൂപ്പിൽ സമാന താൽപര്യമുള്ളവരാണുള്ളത്. ഇവരിൽ അധികവും പരസ്പരം കണ്ടിട്ടുള്ളവരൊ അറിയുന്നവരോ അല്ല. പകരം പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റിൽ നിന്നാണ് സമാന താൽപര്യമുള്ള അംഗങ്ങളെ കണ്ടെത്തി ഗ്രൂപ്പിൽ ചേർത്തിരുന്നത്. സ്വവർഗ താൽപര്യമുള്ള ആളുകൾക്കും ബൈ സെക്ഷ്വൽ, ട്രാൻസ്ജെൻഡർ ആളുകൾക്കും ഡേറ്റിങ്ങിനും മറ്റും ഒത്തുചേരുന്നതിനും ഇണകളെ കണ്ടെത്തുന്നതിനും രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തമായ സൈറ്റാണ് പ്ലാനറ്റ് റോമിയോ. ജർമനി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച ഈ സോഷ്യൽ മീഡിയ നെറ്റ്‍വർക്ക് ഇപ്പോൾ രാജ്യാന്തര തലത്തിൽ നിരവധിപ്പേരാണ് ഉപയോഗിക്കുന്നത്. ഇതുവഴി കണ്ടെത്തിയവരാണത്രെ ഗ്രൂപ് അംഗങ്ങൾ. സമാനമായ നിരവധി ഗ്രൂപ്പുകൾ‍

അശ്ലീല ദൃശ്യങ്ങൾ കാണുന്നത് നിയമവിരുദ്ധമല്ലെങ്കിലും കുട്ടികളുടെ നഗ്നചിത്രങ്ങളോ ലൈംഗിക ദൃശ്യങ്ങളോ കാണുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. രാജ്യാന്തര തലത്തിൽ തന്നെ കുറ്റാന്വേഷണ ഏജൻസികളെല്ലാം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരെ കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. അതേ സമയം ലൈംഗിക വിഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ്രണ്ട്സ് എന്ന വാട്സാപ് ഗ്രൂപ്പിലെ സജീവ അംഗങ്ങളുടെ വിവരങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അഡ്മിൻ പാനലിലെ എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതിനാണ് പൊലീസ് നീക്കം. സമാനമായ ഗ്രൂപ്പുകൾ നിരീക്ഷിക്കുന്നതിന് പൊലീസ് സൈബർ ഡോമിന്റെ സഹായം തേടിയിട്ടുണ്ട്.

വിഡിയോ കൈമാറി ലഭിച്ചതെന്ന് പ്രതി

കുട്ടികളുടെ നഗ്നചിത്രങ്ങൾ ഒരു വെബ്സൈറ്റുകളിലും ലഭ്യമാകാതിരിക്കാൻ രാജ്യാന്തര തലത്തിലും പൊലീസ് നിരീക്ഷണം ശക്തമാണ്. അതുകൊണ്ടു തന്നെ പണം നൽകി ഉപയോഗിക്കാവുന്ന വെബ്സൈറ്റുകളിൽ പോലും ഇത്തരം ദൃശ്യങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ് ഏറെയും. എന്നാൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ വഴിയും ഡാർക് വെബ് വഴിയും കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് യുനിസെഫ് പറയുന്നത്. ഇത്തരക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ പ്രത്യേക പദ്ധതികൾ യുണിസെഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും വെബ്സൈറ്റിൽ നിന്നാകണം ഇദ്ദേഹത്തിന് വിഡിയോ ലഭിച്ചത് എന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള സൈറ്റുകളും പൊലീസ് നിരീക്ഷണത്തിലാണ്.  

വാട്സാപ്പിനെക്കാൾ ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളാണ് ഇത്തരത്തിലുള്ള വിഡിയോ കൈമാറ്റത്തിന് കുറ്റവാളികൾ ഉപയോഗിക്കുന്നത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിശ്ചിത തുക വാർഷിക വരിസംഖ്യയായി നൽകിയാൽ ഇത്തരം ഗ്രൂപ്പുകളിൽ അംഗത്വം നൽകുകയും സ്ഥിരമായി താൽപര്യമുള്ള വിഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയുമാണ് ഇത്തരക്കാർ ചെയ്യുന്നത്. വിഡിയോ പോസ്റ്റു ചെയ്യുന്നവരുടെ വിവരങ്ങൾ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് തിരിച്ചറിയാനാവില്ല എന്നതിനാൽ ഇത്തരക്കാരെ കണ്ടെത്തുന്നതിന് പൊലീസിനും ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ സുരക്ഷിതമായി ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകൾ വഴി വിഡിയോ കൈമാറ്റങ്ങൾ വർധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.