28 March 2024 Thursday

കൃത്യത്തെപ്പറ്റി ദിലീപിന്റെ സഹോദരനും കാവ്യാ മാധവനും അറിയാമെന്ന് മൊഴി ; തെളിവ് കൈമാറി

ckmnews

കൊച്ചി • നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന്റെ തെളിവായി 20 ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു .  എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ .


4 മണിക്കൂറോളം മൊഴിയെടുത്തു .  കുറ്റകൃത്യത്തിന്റെ വിവരങ്ങൾ ദിലീപിന്റെ സഹോദരൻ അനൂപിനും കാവ്യ മാധവനും കൂടി അറിയാമെന്നാണു മൊഴി .  ' ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും .  ഓരോ ഡിജിറ്റൽ തെളിവും സംഭവിച്ച തീയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത് .  മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ് .  കുറ്റകൃത്യം തുറന്നു പറഞ്ഞു നേരിട്ട് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ മാനസിക സമ്മർദം ഇല്ലാതായി'- അദ്ദേഹം പറഞ്ഞു .അതേസമയം , കുറ്റകൃത്യത്തിനു ശേഷം ഒന്നാം പ്രതി പൾസർ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്രവ്യാപാര ശാലയിൽ എത്തിയെന്നു മൊഴി നൽകിയ ജീവനക്കാരൻ കോടതിയിൽ മൊഴിമാറ്റിയ ദിവസം പ്രതികൾ പാർട്ടി നടത്തിയെന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല .  ഈ ദിവസം ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല .