28 March 2024 Thursday

കെ റെയിൽ എന്ന് എഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി

ckmnews

കൊച്ചി: കെ റെയിൽ പദ്ധതിക്കായി  അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയിൽ പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകൾ സ്ഥാപിച്ചതായി ഇന്ന് കെ റെയിൽ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ്  ഇപ്പോൾ ഇട്ടിരിക്കുന്ന തൂണുകൾ നിയമ വിരുദ്ധം ആണെന്ന്കോടതി അഭിപ്രായപ്പെട്ടത്.


ആ കല്ലുകൾ എടുത്തു മാറ്റാൻ എന്ത് നടപടി സ്വീകരിക്കും എന്നും കേരള റെയിൽ ഡെവലപ്പ്മെൻ്റ കോർപ്പറഷേൻ വ്യക്തമാക്കണെന്നും കോടതി ആവശ്യപ്പെട്ടു. ഇത്രേം വലിയ തൂണുകൾ സ്ഥാപിച്ചു ആളുകളെ പേടിപ്പിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം എന്ന വിമർശനത്തോടെയാണ് കെ റയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് താല്‍ക്കാലിക വിലക്ക് കോടതി ഏർപ്പെടുത്തിയത്. കല്ലുകള്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വേ നിയമപ്രകാരമല്ലാത്ത അതിരളടയാളക്കല്ലുകള്‍ സ്ഥാപിക്കരുതെന്നാണ് ഇടക്കാല ഉത്തരവ്. കേസ് ഇനി ജനുവരി 20-ന് വീണ്ടും പരിഗണിക്കും. 


സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈൻ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കേരള ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയിൽ കോടതിയെ ഇരുട്ടത്ത് നിർത്തരുത്. പദ്ധതിയിൽ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണം. 


പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനും കേന്ദ്ര റയില്‍വേ മന്ത്രാലയത്തിനും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അസിസ്റ്റന്റ് സോിളസിറ്റർ ജനറൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും കെ റെയിൽ പദ്ധതിക്കെതിരായ ഹർജികൾ പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 


ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത്. ഇതൊന്നും അനുവദിക്കാനാകില്ല. കേന്ദ്ര സർക്കാർ ഒന്നും മിണ്ടാതെ നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. പദ്ധതിക്കായി തിടുക്കം കൂട്ടുന്നതാണ് വിവാദത്തിന് കാരണം. ഇരുട്ടിൽ നിർത്തി ഇത്രയും വലിയ ഒരു പ്രോജക്ടുമായി മുന്നോട്ട് പോകാനാവില്ലെന്നും കോടതി സംസ്ഥാന സർക്കാരിനേയും കേന്ദ്രസർക്കാരിനേയും ഓർമ്മിപ്പിച്ചു.