20 April 2024 Saturday

തവനൂർ മഹിളാ മന്ദിരത്തിൽ ഇന്ന് പ്രസീതക്കും മഹേഷിനും കതിർമണ്ഡപം ഉയരും

ckmnews

തവനൂർ മഹിളാ മന്ദിരത്തിൽ ഇന്ന് പ്രസീതക്കും മഹേഷിനും കതിർമണ്ഡപം ഉയരും


തവനൂർ മഹിളാ മന്ദിരത്തിൽ ഇന്ന് (ഞായർ) വീണ്ടുമൊരു കതിർമണ്ഡപമുയരുന്നു.ഗവ.മഹിളാ മന്ദിരത്തിലെ കെ.എ പ്രസീതയും പുറത്തൂർ സ്വദേശി മാട്ടുമ്മൽ മഹേഷും തമ്മിലുളള വിവാഹ കർമത്തിനാണ് മഹിളാ മന്ദിരത്തിന്റെ നടുമുറ്റം ഒരിക്കൽ കൂടി വേദിയാകുന്നത്.ഞായറാഴ്ച രാവിലെ 11നും 12നും മധ്യേയാണ് 21കാരിയായ പ്രസീതയെ മഹേഷ് ജീവിതസഖിയായി സ്വീകരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിൻ്റെയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും കീഴിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരം ഇത് പത്താം തവണയാണ് മംഗള കർമ്മത്തിന് വേദിയാകുന്നത്.കോഴിക്കോട് ചിൽഡ്രൻസ് ഹോമിലും ആപ്റ്റർ കെയർ ഹോമിലും പഠിച്ചു വളർന്ന കാക്കഞ്ചേരി സ്വദേശിനിയായ പ്രസീത ഇക്കഴിഞ്ഞ നവംബറിലാണ് തവനൂരിലെ കൂരയിലെ മഹിളാ മന്ദരത്തിൽ അന്തേവാസിയായി എത്തുന്നത്. കോഴിക്കോട് പഠിക്കുന്ന കാലത്ത് മഹേഷിൻ്റെ സഹോദരി മഞ്ജുവുമായി ഉണ്ടായ സുഹൃത്ത് ബന്ധമാണ് പ്രസീതയും മഹേഷും തമ്മിലുളള മിന്നുകെട്ടിന് ഇടയായത്. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് പ്രസീതയുടെ വിവാഹം കെങ്കേമമാക്കാനുളള ഒരുക്കത്തിലാണ് വനിതാ ശിശു വികസന വകുപ്പും പൊന്നാനി ബ്ലോക്ക് പഞ്ചായത്തും. മന്ത്രി വി.അബ്ദുറഹ്മാനാണ് വിവാഹ സൽക്കാരത്തിൻ്റെ സദ്യയുടെ ചെലവുകൾ വഹിക്കുന്നത്. മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ഡോ.കെ.ടി ജലീലിൻ്റെ അഭ്യാർത്ഥനയെ തുടർന്ന് ലോക കേരള സഭാംഗം സി.പി കുഞ്ഞിമൂസ, ഫോറം ഗ്രൂപ്പ് എം.ഡി ടി.വി സിദ്ദീഖ്, രാജധാനി മിനറൽസ് എം.ഡി പി.എ ലത്തീഫ്, ഷാലിമാർ ക്രഷർ ഉടമ പി.വി നിയാസ്, പ്രവാസി വ്യാപാരി പടിയത്ത് സീതി ഇവരാണ് കല്യാണപ്പെണ്ണിന് അണിയാനുളള സ്വാർണാഭരണങ്ങൾ നൽകുന്നത്. വധുവിനെ ഇവർ തന്നെ ആഭരണങ്ങൾ അണിയിക്കും.പ്രസീതയുടെ മൈലാഞ്ചിക്കല്യാണത്തിന് ചങ്ങരംകുളം സി.ഐ ചിറക്കൽ ബഷീറിൻ്റെയും സംഘത്തിൻ്റെയും വകയായി സംഗീത വിരുന്നുമൊരുക്കിയിരുന്നു.വനിതാ ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപയാണ് വിവാഹത്തിന് നൽകുന്നത്.വിവാഹത്തിനായി സംഘാടക സിമിതി സ്വരൂപിച്ച പണം പ്രസീതയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യും