20 April 2024 Saturday

കർഷക രോഷം ; പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം പഞ്ചാബിൽ 20 മിനിറ്റോളം ഫ്‌ളൈഓവറില്‍ കുടുങ്ങി

ckmnews

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാവീഴ്ച.  പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം  ഫ്‌ളൈഓവറില്‍ കുടുങ്ങി. ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര ഒഴിവാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു.


ഹുസൈനിവാലയിലെ ദേശീയസ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെ പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറില്‍ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്.


ഹെലികോപ്റ്റററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു. ഇവിടെയാണ് അദ്ദേഹത്തിനും സംഘത്തിനും കുടുങ്ങിക്കിടക്കേണ്ടിവന്നത്.


യാത്ര റോഡ് മാര്‍ഗമാക്കുന്നതിന് മുന്‍പ് പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. അതിനിടെയാണ് പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം റോഡ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് എന്‍.എസ്.ജി സംഘം പ്രധാനമന്ത്രിയുമായി ബത്തിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങി. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.


സാധാരണഗതിയില്‍ പ്രധാനമന്ത്രി സന്ദർശിക്കുന്ന സംസ്ഥാനത്തെ യാത്രകളില്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന പോലീസിന്റെ കൂടി ഉത്തരവാദിത്തമാണ്. സംസ്ഥാനത്തെ യാത്ര വ്യോമമാര്‍ഗമാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഏതെങ്കിലും സാഹചര്യത്തില്‍ അത് റോഡ് മാര്‍ഗമായിമാറിയാല്‍ സ്വീകരിക്കേണ്ടിയിരുന്ന ഒരു മുന്നൊരുക്കവും ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.