20 April 2024 Saturday

ചൈനീസ് കമ്പനിയായ വിവോയുടെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കില്ലെന്ന് ബിസിസിഐ

ckmnews

ദില്ലി: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോയെ ഒഴിവാക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. അടുത്ത ടേം മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് നയത്തില്‍ മാറ്റം വരുത്തുമെങ്കിലും നിലവില്‍ വിവോയെ നിലനിര്‍ത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തി മാത്രമേ ഐപിഎല്‍ പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് ചൈനീസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.


അഞ്ച് വര്‍ഷമാണ് വിവോക്ക് ബിസിസിഐയുമായി ഐപിഎല്‍ കരാറുള്ളത്. 2022ലാണ് കരാര്‍ അവസാനിക്കുക. 440 കോടി രൂപയാണ് പ്രതിവര്‍ഷം ബിസിസിഐക്ക് വിവോ സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ചൈനീസ് കമ്പനികള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ വിഹിതം ബിസിസിഐക്ക് ലഭിക്കുന്നു. ബിസിസിഐ 42 ശതമാനം നികുതിയാണ് ഇന്ത്യന്‍ സര്‍ക്കാറിന് നല്‍കുന്നത്. അതുകൊണ്ട് തന്നെ വിവോ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഇന്ത്യയെയാണ് പിന്തുണക്കുന്നതെന്നും ചൈനയെയല്ലെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.


കഴിഞ്ഞ സെപ്റ്റംബര്‍ വരെ മറ്റൊരു ചൈനീസ് മൊബൈല്‍ കമ്പനിയായ ഓപ്പോയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍. ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ചൈനീസ് കമ്പനിക്ക് ലഭിക്കുന്നതിലൂടെ ഇന്ത്യന്‍ താല്‍പര്യത്തെയാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയെയാണ് ഏല്‍പ്പിക്കുന്നതെങ്കില്‍ അത് ചൈനയെ സഹായിക്കുന്ന തീരുമാനമാകും. ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായ മൊട്ടേര സ്‌റ്റേഡിയം നിര്‍മാണം കരാര്‍ ഇന്ത്യന്‍ കമ്പനിക്കാണ് നല്‍കിയത്. വ്യക്തിപരമായി താന്‍ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിച്ചിട്ടുണ്ടെന്നും ധുമാല്‍ പറഞ്ഞു. ബിസിസിഐ ചൈനീസ് കമ്പനിക്ക് പണം നല്‍കുന്നില്ല. അവര്‍ ഇങ്ങോട്ടാണ് പണം നല്‍കുന്നത്. യുക്തിപരമായ തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും വൈകാരികമായല്ലെന്നും അദ്ദേഹം പറഞ്ഞു. 


അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണ പ്രചാരണം രാജ്യവ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് വിശദീകരിച്ചത്