29 March 2024 Friday

സ്നേഹത്തിനും സാഹോദര്യത്തിനും മറ്റൊരു മാതൃക 26 വര്‍ഷം അലഞ്ഞ് പത്മനാഭന്‍ മുഹമ്മദിനെ കണ്ടെത്തി

ckmnews

ചങ്ങരംകുളം:സ്നേഹത്തിനും സൗഹാര്‍ദ്ധത്തിനും മുന്നിലുള്ള അകലം കുറക്കുകയാണ് തൃശ്ശൂര്‍ ആറാട്ട് പുഴ സ്വദേശിയായ പത്മനാഭനും ചങ്ങരംകുളം തെങ്ങില്‍ സ്വദേശിയായ മുഹമ്മദും.നീണ്ട 26 വര്‍ഷത്തെ അന്യേഷണത്തിനൊടുവിലാണ് പത്മനാഭന്‍ തന്റെ പ്രിയ സുഹൃത്ത്  മുഹമ്മദിനെ കണ്ടെത്തുന്നത്.ചങ്ങരംകുളം തെങ്ങില്‍ താമസിക്കുന്ന മുഹമ്മദിന്റെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി  പത്മനാഭനും കുടുംബവും എത്തിയത്. മുഹമ്മദിന്റെ വീട്ടിലെത്തിയ അപരിചതരായ വിരുന്നുകാരെ കണ്ട മുഹമ്മദിന്റെ കുടുംബത്തിന് ആദ്യം ഒന്നും മനസിലായില്ലെങ്കിലും 26 വര്‍ഷം മുമ്പ് താനും മുഹമ്മദും തമ്മിലുണ്ടായിരുന്ന സൗഹൃദം പത്മനാഭന്‍ വിവരിച്ചതോടെ കേട്ടുനിന്നവര്‍ക്കും ആശ്ചര്യം.ട്യൂമര്‍ ബാധിച്ച മകനുമൊത്ത് തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍ കഴിയുമ്പോഴാണ് മുഹമ്മദ് തൊട്ടടുത്ത ബെഡില്‍ ചികിത്സയില്‍ കഴിഞ്ഞ  പത്മനാഭന്റെ കുടുംബവുമായി അടുക്കുന്നത്.മകളുടെ ചികിത്സക്കെത്തിയ പത്മനാഭനും മുഹമ്മദും ഒരു മാസത്തോളം ആശുപത്രിയില്‍ ഒരുമിച്ച് കഴിഞ്ഞതോടെ പത്മനാഭന്റെയും മുഹമ്മദിന്റെയും സൗഹൃദവും ഒരുപാട് വളര്‍ന്നിരുന്നു.ആശുപത്രിയില്‍ നിന്ന് പിരിഞ്ഞതോടെ ഇരുവരും പിന്നെ കണ്ടില്ല.ചികിത്സയില്‍ കഴിഞ്ഞമുഹമ്മദിന്റെ മകന്‍ പിന്നീട് മരിച്ചു.പത്മനാഭന്‍ തന്റെ കൂടെയുണ്ടായിരുന്ന മുഹമ്മദിന്റെ കഥ തന്റെ കുടുംബത്തോടും പരിചയപ്പെടുന്നവരോടും പലപ്പോഴായി പറഞ്ഞെങ്കിലും ഇവര്‍ക്ക് പിന്നീട് കാണാന്‍ കഴിഞ്ഞിരുന്നില്ല.വര്‍ഷങ്ങള്‍ കഴിഞ്ഞു പത്മനാഭന് മുഹമ്മദിനെ കാണണമെന്ന ആഗ്രഹം വര്‍ദ്ധിച്ചതോടെ അതിനുള്ള ശ്രമം ആരംഭിച്ചു.തൃശ്ശൂരില്‍ ടയര്‍ വര്‍ക് ചെയ്യുന്ന പത്മനാഭന്‍ മലപ്പുറം ജില്ലയില്‍ നിന്ന് കാണുന്നവരോടെല്ലാം ചങ്ങരംകുളം സ്വദേശിയായി മുഹമ്മദിനെ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ആണ് സ്വദേശം എന്ന അറിവ് മാത്രമാണ് മുഹമ്മദിനെ കുറിച്ച് പത്മനാഭന് അറിയുന്നത്.കാണുന്നവരോടെല്ലാം ചങ്ങരംകുളം സ്വദേശിയായ മുഹമ്മദിനെ തിരഞ്ഞു കൊണ്ടിരുന്ന പത്മനാഭന്‍ വര്‍ഷങ്ങള്‍ നീണ്ട അന്യേഷണത്തിനൊടുവില്‍ ചങ്ങരംകുളം സ്വദേശിയായ ഒരു സുഹൃത്ത് മുഖേനെയാണ് മുഹമ്മദിനെയും കുടുംബത്തെയും പത്മനാഭന്‍  തിരിച്ചറിഞ്ഞത്.ഉടനെ നമ്പര്‍ സംഘടിപ്പിച്ച് മൊബൈലില്‍ വിളിച്ച് ബന്ധപ്പെട്ടു.തൊട്ടടുത്ത ദിവസം തന്നെ ഭാര്യയും മക്കളുമൊത്ത് ചങ്ങരംകുളത്തുള്ള മുഹമ്മദിന്റെ വീട്ടിലെത്തുകയായിരുന്നു.കാലങ്ങളായി മനസില്‍ കൊണ്ട് നടന്ന സ്നേഹത്തിന്റെ സൗഹാര്‍ദ്ധത്തിന്റെയും കൂടിച്ചേരലിനിടെ സന്തോഷത്തിന്റെ കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു.കാലത്ത് മുഹമ്മദിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് ഏറെ നേരം ചിലവിട്ടാണ് പത്മനാഭനും കുടുംബവും ചങ്ങരംകുളത്ത് നിന്ന് തിരിച്ചത്.