25 April 2024 Thursday

ഒറ്റയാൾ പോരാട്ടവുമായി ബസ് വ്യവസായ പരീക്ഷണം ഡ്രൈവറും കണ്ടക്ടറും കിളിയും എല്ലാം ഒരാൾ തന്നെ

ckmnews

ഒറ്റയാൾ പോരാട്ടവുമായി ബസ് വ്യവസായ പരീക്ഷണം  ഡ്രൈവറും കണ്ടക്ടറും കിളിയും എല്ലാം ഒരാൾ തന്നെ 

ഗുരുവായൂർ : തൊഴിലാളികൾക്കു കൂലി പോലും നൽകാൻ കഴിയുന്നില്ല.  ഡ്രൈവർ മാത്രമായി ബസ് സർവീസ്. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹൈദർ ബസ് ആണ് ഡ്രൈവർ മാത്രമായി സർവീസ് നടത്തിയത്. ബസ് പുറപ്പെടും മുൻപേ ഡ്രൈവർ എത്തി ടിക്കറ്റ് നൽകി പണം വാങ്ങി. തുടർന്നു ഡ്രൈവർ തന്നെ ഡോർ അടച്ചു ബസ് മുന്നോട്ടെടുത്തു. ബസ് സ്റ്റോപ്പുകളിൽ നിന്നു ആളെ കയറ്റുന്നതിനു ശ്രദ്ധിക്കുന്നതും. അവരിൽ നിന്നു പണം വാങ്ങുന്നതും ഡ്രൈവർ തന്നെ. ശാന്തിപുരം പൊന്നാംപടിക്കൽ ഇസ്മയിലിന്റെ ബസിലാണ് ഡ്രൈവർ പി. വെമ്പല്ലൂർ സ്വദേശി രാജു ഒറ്റയാൾ പോരാട്ടം നടത്തിയത്.കോവിഡ് 19 പശ്ചാത്തലത്തിൽ  ബസ് സർവീസ് നടത്തുമ്പോൾ ഭീമമായ നഷ്ടമാണ് ബസ് ഉടമകൾക്കു സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ നിന്നു തൃപ്രയാറിലേക്ക് ബസ് സർവീസ് നടത്തി. മൂന്നു ട്രിപ്പ് എടുത്തു. ആകെ ലഭിച്ചത്. 1800 രൂപ. ഡീസൽ ചെലവ് 1300. ബാക്കി 500 രൂപ മൂന്നു പേർക്കു കൂലി. ഭക്ഷണം കഴിക്കാൻ പോലും ജീവനക്കാർക്കു വേതനം ലഭിക്കാത്ത സ്ഥിതി.ബസ് സർവീസിന്റെ ദയനീയാവസ്ഥ മനസിലാക്കിയവർ ഉടമയോടു പരിഭവമൊന്നുമില്ലാതെ കണ്ടക്ടറും ക്ലീനറും ഒഴിവായി. ഇതേ തുടർന്നാണു ഡ്രൈവർ മാത്രമായി ഇന്നലെ ബസ് സർവീസ് നടത്തിയത്. ആദ്യമായാണു ഇത്തരമൊരു അനുഭവമെന്നു 25 വർഷമായി ഡ്രൈവർ ആയി ഉപജീവനം നടത്തുന്ന രാജു പറഞ്ഞു.