20 April 2024 Saturday

ഹക്കീം പെരുമ്പിലാവ് രചിച്ച മണൽക്കാറ്റിലെ മഴത്തെളിച്ചങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

ckmnews

പെരുമ്പിലാവ്: യാത്രകളുടെ സംസ്കാരത്തിലൂടെ മനുഷ്യർ പരസ്പരം അടുക്കണം,  വെറുപ്പിനേയും അജ്ഞതയേയും വർഗ്ഗീയതയേയും മറികടക്കാൻ യാത്രകൾ സഹായിക്കുമെന്നും  അക്ഷരങ്ങൾ പ്രസരിപ്പിക്കുന്ന വെളിച്ചത്തിലൂടെ മനുഷ്യത്വമാർജ്ജിക്കണമെന്നും മരുഭൂമിയുടെ ആത്മകഥാകാരനായ എഴുത്തുകാരൻ വി. മുസഫർ അഹമ്മദ്  അഭിപ്രായപ്പെട്ടു. ഹക്കീം പെരുമ്പിലാവ് രചിച്ച മണൽക്കാറ്റിലെ മഴത്തെളിച്ചങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 അക്ഷരങ്ങളേകുന്ന വെളിച്ചം ഭാവനക്കുമപ്പുറത്താണെന്നും അത്  സമൂഹത്തെ ഉന്നതിയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്ത് സത്യാന്വേഷണ യാത്രകൾക്ക് പോലും വിലങ്ങും തടവറയുമാണ് ഫലം. സർഗ്ഗാത്മകമായ എഴുത്തും ഇടപെടലുകളുമാണ് മനുഷ്യത്വരഹിതമായ പല സംഭവങ്ങൾക്കും തടയിടുന്നത്. വർഗ്ഗീയ ഫാഷിസത്തിനെതിരെ അതീവ ജാഗ്രത പാലിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കളിപ്പാട്ടങ്ങൾ പോലും നഷ്ടപ്പെട്ട കുട്ടികൾ വായനയുടെ ലോകത്തേക്ക് നടന്നടുക്കുന്നു എന്നത് ശുഭകരമാണെന്ന് പുസ്തകത്തിൻ്റെ  ആദ്യപ്രതി ഏറ്റുവാങ്ങി സംസാരിച്ച പ്രശസ്ത ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖർ  അഭിപ്രായപ്പെട്ടു. 


അധികാരം അവസരമാക്കിയെടുത്തവർ ഉയർത്തുന്ന വർഗ്ഗീയതയാണ് മനുഷ്യൻ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണിയെന്നും നമ്മുടെ മക്കളെങ്കിലും ജാതിയുടേയും മതത്തിന്‍റെയും പേരിൽ കലഹിക്കാൻ  ഇടവരരുതെന്നും മനുഷ്യത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന എമ്പാടും യാത്രകളും പുസ്തകങ്ങളും ഉണ്ടാകട്ടെയുന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ ബുക്സ് മാനേജിംഗ് പാർട്ണർ റഫീഖ് പട്ടേരി അധ്യക്ഷത വഹിച്ചു.  പഞ്ചായത്തംഗം  നിഷ അരേങ്ങത്ത്, മാധ്യമ പ്രവർത്തകൻ രവി കൂനത്ത് , പൊതുപ്രവർത്തകൻ എം. എ കമറുദ്ധീൻ എന്നിവർ എന്നിവർ  സംസാരിച്ചു. മുജീബ് പട്ടേൽ സ്വാഗതവും പുസ്തക രചയിതാവ് ഹകീം പെരുമ്പിലാവ് നന്ദിയും പറഞ്ഞു.