28 March 2024 Thursday

മണിപ്പൂരില്‍ എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു, ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി

ckmnews

ഇംഫാല്‍: മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധയില്‍. സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന മറ്റ് പാര്‍ട്ടികളിലെ എംഎല്‍എ മാരും പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ബീരേന്‍സിങ് മുഖ്യമന്ത്രിയായിട്ടുള്ള സര്‍ക്കാരാണ് മണിപ്പൂരിലേത്.

ബിജെപി എംഎല്‍എമാര്‍ക്ക് പുറമെ സര്‍ക്കാരിന് പിന്തുണ നല്‍കിരുന്ന നാഷണല്‍ പിപ്പിള്‍സ് പാര്‍ട്ടിയിലെ നാല് എംഎല്‍എ മാരും ഒരു സ്വതന്ത്ര എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് വിവരം. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ എംഎല്‍എ മാരില്‍ മൂന്നുപേര്‍ മന്ത്രിമാരാണ്. ഇതില്‍ ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു.

മൂന്നുകൊല്ലം മുമ്പാണ് മണിപ്പൂര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ നടന്നത്. തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 28 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്.

പക്ഷെ 21 എംഎല്‍എമാരുമായി രണ്ടാമതെത്തിയ ബിജെപി പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരുടെയും പിന്തുണ വാങ്ങി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇതിന് പുറമെ കോണ്‍ഗ്രസില്‍ നിന്ന് ഏഴ് എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൂന്നുകൊല്ലത്തിനിപ്പുറം അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്