24 April 2024 Wednesday

വാർഷിക അവധി നഷ്ടമാകില്ല ,യുഎഇയിൽ അടുത്തവർഷം 60 ദിവസം അവധി

ckmnews



ദുബായ് ∙ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അടുത്തവർഷം 60 ദിവസം അവധിയെടുക്കാമെന്ന് അധികൃതർ. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവർക്കാണ് ആനുകൂല്യം. യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയമാണ് തൊഴിലാളികൾക്ക് വാർഷിക അവധി നഷ്ടമാകില്ലെന്ന കാര്യം വ്യക്തമാക്കിയത്.


യാത്രാവിലക്കിനെ തുടർന്നു പലർക്കും അവധിക്കു പോകാൻ കഴിഞ്ഞിട്ടില്ല. അവധിക്കാലത്തും ജോലി ചെയ്യാൻ നിർബന്ധിതരായി. അവധി നഷ്ടമാകുമോയെന്ന ഒരു തൊഴിലാളിയുടെ അന്വേഷണത്തിനാണ് അധികൃതരുടെ വിശദീകരണം. 


ഇത്തവണത്തെയടക്കം അടുത്തവർഷം 60 ദിവസം വരെ അവധിയെടുക്കാനാകും. യുഎഇ ഫെഡറൽ തൊഴിൽ നിയമപ്രകാരം ഒരാൾക്ക് ഒരു മാസം രണ്ടു ദിവസത്തെ അവധിയുണ്ട്. 6 മാസത്തിൽ കൂടുതലും ഒരു വർഷത്തിൽ കുറയാത്തതുമായ സേവന കാലം പൂർത്തിയാക്കിയവർക്കാണിത്. ഇതുപ്രകാരം ഒരു വർഷം സേവനം പൂർത്തിയാക്കിയാൽ 30 ദിവസം അവധി ലഭിക്കും. ആവശ്യമെങ്കിൽ 2 ഘട്ടമായി അവധി നൽകാനും വ്യവസ്ഥയുണ്ട്. ജോലിയുടെ സൗകര്യത്തിനു വേണ്ടി മാത്രമാണിത്.


അവധിക്കാലത്ത് വേതനവും താമസ അലവൻസും നൽകണം. അടിസ്ഥാന വേതനം അനുസരിച്ചാണ് അവധിക്കാല വേതനം കണക്കാക്കേണ്ടതെന്നും വ്യക്തമാക്കി.