വയനാട്ടില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 68-കാരനായ മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി.
അമ്പലവയലിന് സമീപം ആയിരംകൊല്ലിയിലാണ് വയോധികന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെടുത്ത് അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ മക്കളാണ് കീഴങ്ങിയ പെണ്‍കുട്ടികള്‍. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടികള്‍ പോലീസിനോടു പറഞ്ഞത്. മറ്റു വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.