29 March 2024 Friday

രണ്ട് കോവിഡ് വാക്‌സിനുകള്‍ക്കുകൂടി അനുമതി നല്‍കി ഇന്ത്യ

ckmnews

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ഭീതി വര്‍ധിക്കുന്നതിനിടെ രണ്ട് വാക്‌സിനുകള്‍ക്ക് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഇന്ത്യ. കോര്‍ബ്‌വാക്‌സ്, കോവോവാക്‌സ് എന്നീ വാക്‌സിനുകളുടെ ഉപയോഗത്തിനാണ് ഇന്ത്യ അനുമതി നല്‍കിയത്. അതോടൊപ്പം കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോല്‍നുപൈറാവിറിന്‍റെ അടിയന്തര ഉപയോഗത്തിനും അനുമതി നല്‍കിയിട്ടുണ്ട്.


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്ത് ഇതുവരെ ആറ് വാക്‌സിനുകള്‍ക്കാണ് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. 


കോവീഷീല്‍ഡ്, കൊവാക്‌സിന്‍, സൈകോവ്-ഡി, സ്പുട്‌നിക് വി, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകലാണ് രാജ്യത്ത് ഉപയോഗത്തിലുള്ളത്. മോല്‍നുപൈറാവിറിന്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി. രാജ്യത്തെ 13 കമ്പനികളില്‍ ഇതിന്റെ ഉത്പാദനം നടക്കും.


അതിനിടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 75 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയി. 167 രോഗികളുള്ള മഹാരാഷ്ട്രയും 165 രോഗികളുള്ള ഡല്‍ഹിയുമാണ് പട്ടികയില്‍ മുന്നിലുള്ളത്. 186 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്