29 March 2024 Friday

ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറുന്നു

ckmnews

ജനുവരി ഒന്ന് മുതൽ യു.എ.ഇയിലെ അവധി ദിനങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറും. ജനുവരി മൂന്ന്​ മുതലാണ്​ മെട്രോ, ബസ്​, ട്രാം സമയങ്ങൾ മാറുക. അതേസമയം സൗജന്യ പാർക്കിങ് വെള്ളിയാഴ്​ചകളിൽ മാത്രമായി തുടരും. ​ദുബൈ റോഡ്സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്​ (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്​.


പുതിയ അവധി ദിനമായ ഞായറാഴ്​ച രാവിലെ എട്ട്​ മുതൽ പുലർച്ച 1.15 വരെയായിരിക്കും മെട്രോ സർവീസ്​. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ച്​ മുതൽ പുലർച്ചെ 2.15 വരെ സർവീസ്​ നടത്തും. മറ്റ്​ ദിവസങ്ങളിൽ രാവിലെ അഞ്ച്​ മുതൽ പുലർച്ച 1.15 വരെ മെട്രോ ഓടും. ദുബൈ ട്രാം ഞായറാഴ്​ചകളിൽ രാവിലെ ഒമ്പത്​ മുതൽ പുലർച്ച ഒന്ന്​ വരെ സർവീസ്​ നടത്തും. മറ്റ്​ ദിവസങ്ങളിൽ രാവിലെ ആറ്​ മുതൽ പുലർച്ച ഒന്ന്​ വരെയായിരിക്കും സർവീസ്​. തിരക്ക്​ അനുസരിച്ച്​ ബസ്​ സമയങ്ങളിലും മാറ്റമുണ്ടാകും.



അതേസമയം സൗജന്യ പാർക്കിങ്​ നിലവിലേത്​ പോലെ വെള്ളിയാഴ്​ചയും പൊതു അവധി ദിവസങ്ങളിലും തന്നൊയിയിരിക്കും. ഫ്‌ളോട്ടിങ്‌ ബ്രിഡ്​ജ്​ അടക്കുന്ന സമയം രാത്രി പത്ത്​ മുതൽ രാവിലെ ആറ്​ വരെയായി പുതുക്കി. ഫെബ്രുവരി രണ്ട്​ മുതലായിരിക്കും ഇത്​ പ്രാബല്യത്തിൽ വരുന്നത്​. ആർ.ടി.എയുടെ പ്രധാന ഓഫിസുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. വെള്ളിയാഴ്​ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 12 വരെ തുറക്കും. മറ്റ്​ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക്​ 3.30 വരെയായിരിക്കും പ്രവർത്തന സമയം.


ആർ.ടി.എയുടെ സാ​ങ്കേതിക പരിശോധന കേന്ദ്രങ്ങൾ ശനിയാഴ്​ച അവധിയായിരിക്കും. വെള്ളിയാഴ്​ച വൈകു​ന്നേരം നാല്​ മുതൽ ഒമ്പത്​ വരെ പ്രവർത്തിക്കും. കസ്​റ്റമർ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ട്​ മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ശനിയും ഞായറും അവധിയായിരിക്കും. വെള്ളിയാഴ്​ച രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ 12 വരെ പ്രവർത്തിക്കും.