24 April 2024 Wednesday

കിഴക്കമ്പലത്തെ അക്രമം; 156 അതിഥി തൊഴിലാളികൾ പിടിയിൽ, റെയ്ഡ് തുടരുന്നു

ckmnews

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസിൽ 156 പേരെ അറസ്റ്റ് ചെയ്തു. കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ റെയ്ഡ് നടത്തിയാണ് നടപടി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു. തൊഴിലാളികളുടെ കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. കിറ്റക്‌സിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത് .കരോൾ നടത്തിയത് സംബന്ധിച്ച തർക്കമാണ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഇവർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രാത്രി 12 മണിയോടെയാണ് സംഭവം. പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച്, തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘർഷത്തിൽ ഇടപെടാനെത്തിയതായിരുന്നു പൊലീസ്. ഇതോടെ തൊഴിലാളികൾ പൊലീസിനു നേരെ തിരിഞ്ഞു. കല്ലേറിൽ കുന്നത്തുനാട് സിഐ വി.ടി ഷാജനുൾപ്പടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുകയാണ്. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ആക്രമണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും ഡിഐജി നീരജ് ഗുപ്ത അറിയിച്ചു