19 April 2024 Friday

നവീകരണം പൂർത്തിയാക്കി:പുതുവർഷത്തിൽ സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങി വെളളിയാങ്കല്ല് പൈതൃക പാർക്ക്

ckmnews

നവീകരണം പൂർത്തിയാക്കി:പുതുവർഷത്തിൽ സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങി വെളളിയാങ്കല്ല് പൈതൃക പാർക്ക്


വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ നടന്ന് വന്നിരുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.വിനോദ സഞ്ചാര വകുപ്പ് നിധിയിൽ നിന്നും 43.95 ലക്ഷം രൂപ ചിലവഴിച്ചാണ് പൈതൃക പാർക്കിനെ നവീകരിച്ച് കൂടുതൽ മനോഹരമാക്കിയത്. കൂടുതൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കൽ, ഭിന്നശേഷിക്കാർക്കുൾപ്പടെയുള്ള പുതിയ നടപ്പാതകളുടെ നിർമ്മാണം, പൂന്തോട്ട നിർമ്മാണം, കുട്ടികൾക്കായി കൂടുതൽ കളിയുപകരണങ്ങൾ സ്ഥാപിക്കൽ, നിരീക്ഷണ ക്യാമറ സ്ഥാപിക്കൽ, കുടിവെള്ള സംവിധാനമൊരുക്കൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചത്.കഴിഞ്ഞ പ്രളയകാലങ്ങളിൽ തകർന്ന പാർക്കിൻ്റെ ചുറ്റുമതിലും, പുഴയോട് ചേർന്ന ഭാഗത്തെ തകർന്ന സുരക്ഷാവേലികളുമെല്ലാം നവീകരിച്ചു. പാർക്കിനകത്ത് കൂടുതൽ ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പൈതൃക പാർക്കിനകത്തെ ഡക്ക് പോർഷൻ ചുമരുകളിലേതടക്കമുള്ള ഭാഗങ്ങളിലെ ചിത്ര രചനാ ജോലികളും പൂർത്തീകരിച്ചു. ഇതോടൊപ്പം സാമൂഹ്യ വിരുദ്ധർ തകർത്ത ടോയ്ലറ്റ് കെട്ടിടത്തിൻ്റെ വാതിലുകളും മാറ്റി സ്ഥാപിച്ചു. ഡി.ടി.പി.സി. സെക്രട്ടറി സിൽബർട്ട് ജോസ്, പാർക്ക് മാനേജർ സി.എസ്. അനീഷ്, രഘുരാജ് തുടങ്ങിയവർ പാർക്കിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തി നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി.ക്രിസ്തുമസ് ആവദി ദിനങ്ങളും പുതുവർഷവും ആഘോഷിക്കാൻ പൈതൃക പാർക്കിൽ സന്ദർശക തിരക്കും വർദ്ധിച്ചു.