19 April 2024 Friday

സേനകൾ പിന്‍മാറി; ചൈനയുടെ ഭാഗത്തു വൻ നഷ്ടം, ഹെലികോപ്റ്ററിൽ രക്ഷാപ്രവര്‍ത്തനം

ckmnews

ന്യൂഡൽഹി ∙ ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്‍മാറി. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. ഇതാണ് കൂടുതല്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ, ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം വ്യക്തമാക്കി.അതിര്‍ത്തിയില്‍ ചൈന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തെന്നാണു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരേയും സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാൻ ചൈനീസ് ഹെലികോപ്റ്ററുകൾ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.


ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണു ഗാല്‍വന്‍ താഴ്‍വരയിൽ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വ‌ദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ച വിവരമാണ് ആദ്യം പുറത്തുവന്നത്.


അതിര്‍ത്തി കടന്ന് ഇന്ത്യ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടേത് അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുളള ഏകപക്ഷീയ ശ്രമമാണ്. ഇതാണ് ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആള്‍നാശം ഉണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.