23 April 2024 Tuesday

തൃത്താല ഗവ. കോളേജ് കെട്ടിടം ഉദ്‌ഘാടനം ചെയ്തു

ckmnews

തൃത്താല ഗവ. കോളേജ് കെട്ടിടം ഉദ്‌ഘാടനം ചെയ്തു


തൃത്താലയുടെ ചിരകാലാഭിലാഷമായ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിടം വെള്ളിയാഴ്ച ഉദ്‌ഘാടനം ചെയ്തു. ബഹു. സ്പീക്കർ എം ബി രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ . ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു. 2013 ൽ തൃത്താല വെള്ളിയാങ്കല്ലിന് സമീപമുള്ള ജലവിഭവ വകുപ്പിന്റെ കെട്ടിടത്തിൽ താൽകാലികമായി പരിമിതമായ സൗകര്യത്തിൽ  പ്രവർത്തനമാരംഭിച്ച കോളേജ് എട്ട് വർഷത്തിനു ശേഷമാണ് മല 

റോഡിനടുത്ത് വിപുലമായ സംവിധാനങ്ങളുള്ള   സൗകര്യങ്ങളുള്ള  സ്വന്തം കെട്ടിടത്തിലേക്ക് മാറി  പ്രവർത്തിക്കാൻ   സൗകര്യമൊരുക്കിയത്. 2013 ഡിസംബർ 19 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ശിലാസ്ഥാപനം നടത്തിയെങ്കിലും 2015  നവംബർ 12  നാണ്  കെട്ടിട നിർമാണത്തിന്   ഭരണാനുമതി ലഭിച്ചത്. അന്നത്തെ എം എൽ എ വി ടി ബൽറാമിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.2016  ഫെബ്രുവരിയിൽ ഹാബിറ്റാറ്റിന്റെ ചുമതലയിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. 2021  മെയ് വരെ പ്രവൃത്തിയുടെ മുക്കാൽ പങ്കും പൂർത്തിയായെങ്കിലും അവസാനവട്ട പ്രവൃത്തികൾ നടത്താനായില്ല.കെട്ടിടത്തിന്റെ നിർമാണം അടിയന്തിരമായി  പൂർത്തീകരിക്കാൻ സ്പീക്കർ എം ബി രാജേഷ് മുൻകയ്യെടുത്തതിനെ തുടർന്നാണ് ആറ്  മാസത്തിനുള്ളിൽ അവസാനവട്ട പണികൾ പൂർത്തിയാക്കി ഉദ്‌ഘാടനം നിർവഹിക്കാൻ കഴിഞ്ഞത്.2570 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് കെട്ടിടം. 15  ക്ലാസ് റൂമുകൾ,  അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്നു. 5. 60  കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. കെട്ടിടം നിർമിക്കാൻ ആവശ്യമായ അഞ്ചേക്കർ സ്ഥലം കെ. എം. മുഹമ്മദ് സൗജന്യമായാണ് നൽകിയത്. അദ്ദേഹത്തെ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടന ചടങ്ങിൽ  പൊന്നാടയണിയിച്ച്  ആദരിച്ചു.ഷൊർണുർ എം എൽ എ പി. മമ്മിക്കുട്ടി, തരൂർ എം എൽ എ പി. പി. സുമോദ്, മുൻ എം എൽ എ മാരായ വി ടി ബൽറാം, ടി പി കുഞ്ഞുണ്ണി, വി കെ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന, പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ, തൃത്താല ഗ്രാമപഞ്ചായത് പ്രസിഡന്റ് പി. കെ ജയ, ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി സന്ധ്യ, കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  ഷാനിബ ടീച്ചർ, അനു  വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, പട്ടിത്തറ ഗ്രാമ പഞ്ചായത്ത് അംഗം ഗിരിജ, കൊളീജിയറ്റ് എഡ്യൂക്കേഷൻ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഡോ . പി. ഹരിദാസൻ, പി ടി എ പ്രസിഡന്റ് ടി സുധാകരൻ, ഡോ. എച്ച് കെ സന്തോഷ്, സിപിഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് മാസ്റ്റർ, പി ബാബു നാസർ(കോൺഗ്രസ്), എസ്  എം കെ തങ്ങൾ(മുസ്ലിം ലീഗ്), ഉണ്ണികൃഷ്ണൻ(ബി ജെ പി), ശിവൻ പള്ളിപ്പുറം(എൻ സി പി), എം സി ശിശിർ  ഘോഷ്, ടി നിഖിൽ എന്നിവർ സംസാരിച്ചു. കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സമാഹരിച്ച വീൽ ചെയർ, തയ്യൽ മെഷീൻ,പഠനോപകരണങ്ങൾ എന്നിവ സ്പീക്കർ എം ബി രാജേഷ് വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. എ ജയകൃഷ്ണൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ എൻ രമേശ് നന്ദിയും പറഞ്ഞു. ഹാബിറ്റാറ്റ് ഗ്രൂപ് സെക്രട്ടറി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.