25 April 2024 Thursday

ഓട്ടോകള്‍ക്ക് അഞ്ച് ലിറ്റര്‍ വീതം ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പില്‍ ലക്ഷം രൂപ എത്തിച്ച് ‘ദയാലു’വായ യുവാവ്, കഥ ആന്റി ക്ലൈമാക്സിലേക്ക് നീങ്ങിയപ്പോള്‍ വെട്ടിലായി പമ്പ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും, ആ കഥ ഇങ്ങനെ...

ckmnews

പെരിന്തൽമണ്ണ: ലക്ഷം രൂപയുമായെത്തി ഓട്ടോകള്‍ക്ക് അഞ്ച് ലിറ്റര്‍ വീതം ഇന്ധനം നല്‍കാന്‍ യുവാവിന്റെ നിര്‍ദേശം. വിവരമറിഞ്ഞെത്തിയ ഓട്ടോകള്‍ തിക്കും തിരക്കും കൂട്ടി ഇന്ധനം നിറച്ചു. ഒടുവില്‍ പണവുമായെത്തി ‘സന്‍മനസ്സ്’ പ്രകടിപ്പിച്ചത് മനോരോ​ഗിയായ യുവാവാണെന്ന് അറിഞ്ഞതോടെ റൊക്കം പണം കയ്യില്‍ കിട്ടിയ ആവേശത്തില്‍ മുന്‍ പിന്‍ ആലോചിക്കാതെ ഇന്ധനം നല്‍കിയ പമ്പ് ജീവനക്കാര്‍ ഉള്‍പ്പടെ വെട്ടിലായി. പെരിന്തല്‍മണ്ണയിലാണ് സംഭവങ്ങള്‍.


ഇന്നലെ വൈകീട്ട് പെരിന്തല്‍മണ്ണ ഇന്ത്യന്‍ ഓയില്‍ പമ്പില്‍ പണവുമായി യുവാവ് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലക്ഷം രൂപ ജീവനക്കാരെ ഏല്‍പ്പിച്ച ശേഷം പമ്പിലെത്തുന്ന ഓട്ടോകള്‍ക്കെല്ലാം അഞ്ച് ലിറ്റര്‍ വീതം ഇന്ധനം സൗജന്യമായി നല്‍കാന്‍ യുവാവ് നിര്‍ദേശിക്കുകയായിരുന്നു. 


ലോക്ഡൗണ്‍ മൂലം ഓട്ടോ ജീവനക്കാരെല്ലാം ദുരിതത്തിലാണെന്നും അവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അറിയിച്ചാണ് പണം നല്‍കിയത്. വലിയ തുകയുമായെത്തിയ അപരിചിതനെ കറിച്ച് അന്വേഷിക്കാനോ മറ്റോ നില്‍ക്കാതെ പമ്പ് ജീവനക്കാര്‍ ഇന്ധന വിതരണം ഏറ്റെടുത്തു. 


അതോടെ പമ്പിലെത്തുന്ന ഓട്ടോകള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കിത്തുടങ്ങി. പണം നല്‍കി ഇന്ധനം അടിക്കാനെത്തിയ ഓട്ടോകള്‍ സൗജന്യമായി ഇന്ധനം ലഭിച്ചതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സംഭവം പ്രചരിപ്പിച്ചു. 


ഡ്രൈവര്‍മാരുടെ വാട്സാപ്പ് ​ഗ്രൂപ്പുകളില്‍ വിവരം കാട്ടുതീ പോലെ പടര്‍ന്നു. തുടര്‍ന്ന് ഓട്ടോകള്‍ കൂട്ടമായി പമ്പിലേക്ക് ഒഴുകിയെത്തി. ഓട്ടോകളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ പമ്പ് പ്രവര്‍ത്തനം തന്നെ സ്തംഭിച്ചു. 


ഓട്ടോ ഡ്രൈവര്‍ കൂടിയായ ‘ദയാലു’ മനോരോ​ഗിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവങ്ങള്‍ ആന്റി ക്ലൈമാക്സിലേക്ക് നീങ്ങിയത്. 


അപ്പോഴേക്കും നൂറിലേറെ ഓട്ടോകള്‍ ഇന്ധനം അടിച്ചിരുന്നു. 35000രൂപക്ക് ഇന്ധനം നല്‍കിയതായി പമ്പ് അധികൃതര്‍ പറയുന്നു. ഭൂമി കച്ചവടക്കാരനായ പിതാവ് സ്ഥലം വിറ്റു കിട്ടിയ വകയില്‍ ലഭിച്ച പണം വീട്ടില്‍ സൂക്ഷിച്ചിരുന്നുവെത്രെ. ഇതില്‍ നിന്ന് ഒരു ലക്ഷം രൂപയെടുത്താണ് യുവാവ് പമ്പില്‍ ഏല്‍പ്പിച്ചത്. 


പമ്പില്‍ നിന്ന് സൗജന്യ ഇന്ധനം അടിച്ച് വീട്ടിലെത്തിയ സഹോദരന്‍ രാത്രി വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ പണം ഏല്‍പ്പിച്ച യുവാവ് താന്‍ പ്രകടിപ്പിച്ച ‘സന്‍മനസ്സ്’ വെളിപ്പെടുത്തുകയായിരുന്നു. 


അതോടെ ബന്ധുക്കള്‍ പമ്പിലെത്തുകയായിരുന്നു. ഇപ്പോള്‍ സൗജന്യ ഇന്ധനം കൈപ്പറ്റിയവര്‍ പണം നല്‍കി യുവാവിനെ തിരിച്ചു സഹായിക്കണമെന്ന നോട്ടീസ് പ്രചരിപ്പിക്കുകയാണ് പമ്പ് ജീവനക്കാര്‍. 


അപരിചിതനായ യുവാവ് എത്തിച്ച പണം വാങ്ങിവെച്ച് ഇന്ധനം അടിച്ചു നല്‍കാന്‍ തയ്യാറായ പമ്പ് ജീവനക്കാരുടെ നടപടിക്കെതിരെ നാട്ടുകാര്‍ രം​ഗത്തെത്തിയിട്ടുണ്ട്. 


യഥാര്‍ത്ഥ കഥ അറിഞ്ഞതോടെ ചില ഓട്ടോകള്‍ ഇന്ന് രാവിലെ മുതല്‍ പണം എത്തിക്കുന്നുണ്ട്.