20 April 2024 Saturday

നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

ckmnews

ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് കൈതകത്ത് ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവിന് വെട്ടേറ്റു.


ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. വിമല്‍ എന്നയാള്‍ക്കാണ് തലയ്ക്കും കാലിനും വെട്ടറ്റത്. വെട്ടിയ ബിനു എന്നയാളുമായി വിമലിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.


ബിനുവിന്റെ സഹോദരനെ വിമല്‍ മൂന്ന് മാസം മുമ്പ് ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വിമലിന് വെട്ടേറ്റതെന്നുമാണ് പോലീസ് പറയുന്നത്. പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.


എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും നിലനില്‍ക്കുന്നുണ്ട്.


ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി തിങ്കളാഴ്ച മൂന്നിനു കളക്ടറേറ്റില്‍ സര്‍വകക്ഷി യോഗം ചേരുമെന്ന് കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചിട്ടുണ്ട്. നിരോധനാജ്ഞ നീട്ടണോ എന്നത് ഈ യോഗത്തില്‍ തീരുമാനിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.