19 April 2024 Friday

ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദിന്; സ്വന്തമാക്കിയത് 15.10 ലക്ഷം രൂപയ്‌ക്ക്

ckmnews

ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദിന്; സ്വന്തമാക്കിയത് 15.10 ലക്ഷം രൂപയ്‌ക്ക്


തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിനൊടുവിൽ എറണാകുളം സ്വദേശി സ്വന്തമാക്കി. 15,10,000 രൂപയ്‌ക്ക് അമൽ മുഹമ്മദാണ് ഥാർ സ്വന്തമാക്കിയത്. ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തതെന്ന് ദേവസ്വം ബോർഡ് ചെയർമാൻ അറിയിച്ചു.


15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തിൽ നിശ്ചയിച്ചിരുന്നത്. ബഹ്‌റനിലുള്ള അമൽ മുഹമ്മദിന് വേണ്ടി സുഹൃത്ത് സുഭാഷ് പണിക്കരാണ് ലേല നടപടികളിൽ പങ്കെടുത്തത്. ഈ മാസം 21ന് ചേരുന്ന ദേവസ്വം ഭരണ സമിതി യോഗം ലേല നടപടികൾ അംഗീകരിച്ച് ദേവസ്വം കമീഷണറുടെ അനുമതിയും വാങ്ങിയ ശേഷമാണ് കാർ കൈമാറുക.


ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജറേഷൻ എസ് യു വി ഥാർ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.