19 April 2024 Friday

അബുദാബിയില്‍ പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമുള്ള വിലക്ക് വീണ്ടും നീട്ടി

ckmnews

File Photo

അബുദാബി: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അബുദാബിയില്‍ പ്രഖ്യാപിച്ചിരുന്ന യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 16 ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് നീട്ടിയത്. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ രണ്ട് മുതലാണ് ഇത്തരത്തില്‍ പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് എമിറേറ്റിലെ 388,000ത്തിലധികം താമസക്കാരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. 

അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മറ്റി, അബുദാബി പൊലീസ്, അബുദാബി ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പ്രവേശന വിലക്ക് ഏഴു ദിവസം കൂടി നീട്ടാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.  

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകള്‍ക്കിടയിലുള്ള യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ പൗരന്മാരടക്കമുള്ള രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ അവശ്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേക പാസുകള്‍ ഉള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും അവശ്യ സാധനങ്ങള്‍ കൊണ്ടുപോകാനും യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും.