25 April 2024 Thursday

പൊന്നാനിയിൽ മണൽ മാഫിയകളുടെ സിനിമ സ്റ്റൈൽ വിളയാട്ടം നാല് പേർ അറസ്റ്റിൽ

ckmnews

പൊന്നാനിയിൽ മണൽ മാഫിയകളുടെ സിനിമ സ്റ്റൈൽ വിളയാട്ടം നാല് പേർ അറസ്റ്റിൽ


പൊന്നാനി:മണൽ മാഫിയ സംഘങ്ങളുടെ വിളയാട്ടം തെരുവിലേക്ക്.സിനിമ സ്റ്റൈൽ തട്ടിക്കൊണ്ട് പോക്കും.വാഹന മോഷണവും.സംഘാംഗങ്ങളിലൊരാളെ തട്ടികൊണ്ട് പോയി ഒരു രാത്രി മുഴുവൻ തടങ്കലിൽ പാർപ്പിച്ചു.സിനിമ സ്റ്റൈലിലുള്ള മണൽ മാഫിയ കുടിപ്പകക്ക് കൂച്ചുവിലങ്ങിട്ട് പൊലീസും. സംഭവത്തിൽ ഇരു വിഭാഗങ്ങളിലും പെട്ട നാലു പേർ അറസ്റ്റിൽ. ഒരു ലോറിയും, മൂന്ന് കാറുകളും പൊലീസ് പിടിച്ചെടുത്തു. 

തവനൂർ അതളൂർ സ്വദേശി പാലക്കൽ നജീബ് (28), നരിപ്പറമ്പ് കോലോത്തും പറമ്പിൽ സുബൈർ (34), അതളൂർ പാലക്കൽ സമീർ (31), പൊന്നാനി കുറ്റിക്കാട് പുളിക്കത്തയിൽ ജംഷാദ് (27) എന്നിവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പാലക്കൽ നജീബിനെ പിടിയിലായ ജംഷാദും, സമീറും ചേർന്ന് തട്ടികൊണ്ട് പോവുകയായിരുന്നു. ജംഷാദിൻ്റെ ലോറി ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നു.ഇത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ വെച്ച് കണ്ടെത്തിയിരുന്നു. ലോറി തട്ടിയെടുത്തതും, മണൽ കടത്തിൻ്റെ വിവരം പൊലീസിന് കൈമാറുന്നതും നജീബാണെന്ന് പറഞ്ഞാണ് ജംഷാദും സംഘവും, നജീബിനെ തട്ടികൊണ്ട് പോകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ വെച്ച് തട്ടികൊണ്ട് പോവുകയുമായിരുന്നു. പൊന്നാനി താലൂക്ക് കേന്ദ്രീകരിച്ചുള്ള മണൽ കടത്തിൻ്റെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇവരുടെ കൂടെയുള്ള തൊഴിലാളികളെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞിരുന്നത്. കേസുകളിൽ നിന്ന് പ്രധാന കണ്ണികൾ പലപ്പോഴും രക്ഷപ്പെട്ട് പോകാറാണ് പതിവ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് നാല് പേരും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു