19 April 2024 Friday

അൻസാർ വിമൻസ് കോളേജിന് ചരിത്ര നേട്ടം "നാക് ൽ എ ഗ്രേഡ് "

ckmnews


പെരുമ്പിലാവ് :പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിന് നാക് (നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ )ന്റെ 'എ ' ഗ്രേഡ് ലഭിച്ചു. 3.20 ആണ് ലഭിച്ച മാർക്ക്. സ്വാശ്രയ മേഖലയിൽ തൃശൂർ ജില്ലയിൽ 'എ 'ഗ്രേഡ് ലഭിക്കുന്ന ആദ്യ കോളേജ് എന്ന ബഹുമതിയും ഇനി അൻസാറിന് സ്വന്തം. ആദ്യമായാണ് ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന് ആദ്യഘട്ട പരിശോധനയിൽതന്നെ ഇത്രയും ഉയർന്ന മാർക്ക്‌ ലഭിക്കുന്നത്. ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും മികവും ഉറപ്പു വരുത്തി ഗ്രേഡ് നൽകുന്ന യു. ജി. സി.യുടെ കീഴിലുള്ള സ്വയംഭരണാവകാശമുള്ള ഏജൻസിയാണ് നാക്. കോളേജിന്റെ എല്ലാ മേഖലയിലും ഉള്ള അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഗ്രേഡ് നൽകിയത്. പൂനെ സർവകലാശാലയിലെ ഡോ. ഭാസ്കർ ഷെജ്വാൾ, തമിഴ്നാട്ടിലെ കാവേരി വനിതാ കോളേജിന്റെ പ്രിൻസിപ്പൽ ഡോ. വി. സുജാത, ആന്ധ്രയിലെ പത്മാവതി മഹിളാ സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ആയ ഡോ. ഉഷാറാണി എന്നിവർ ഡിസംബർ എട്ട്, ഒൻപത് തിയ്യതികളിൽ ആയാണ് കോളേജ് സന്ദർശിച്ചത്.തൃശൂർ ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥിനികൾ പഠിക്കുന്ന സ്വാശ്രയ മേഖലയിലെ പ്രമുഖ ആർട്സ് ആൻഡ് സയൻസ് കോളേജ് ആണ് അൻസാർ വിമൻസ് കോളേജ്. മികച്ച അക്കാദമിക ഗുണനിലവാരവും ഉന്നതമായ മൂല്യങ്ങളും പുലർത്തുന്ന കോളേജ്, അതിന്റെ ഇരുപതാം വാർഷിക ആഘോഷത്തിലേക്ക് കടക്കുകയാണ്.എട്ട് പഠനവകുപ്പുകൾ ആണ് കോളേജിൽ ഉള്ളത്. കോമേഴ്‌സ്, ഫിസിക്സ്‌, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, മാതമാറ്റിക്സ്, മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം സൈക്കോളജി, കെമിസ്ട്രി തുടങ്ങിയ യു. ജി., പി. ജി കോഴ്സുകളും ജീവിത മൂല്യങ്ങളെക്കുറിച്ചും, പ്രതിസന്ധികളെ അതിജീവിക്കുന്നതിനെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്ന സെന്റർ ഫോർ ലൈഫ് സ്കിൽ എഡ്യൂക്കേഷനും കോളേജിൽ ഉണ്ട്.പതിമൂവായിരത്തിലധികം പുസ്തകങ്ങളുമായി ഓട്ടോമേറ്റഡ് സംവിധാനം ഉള്ള ലൈബ്രറിയും നൂറ്റിഅന്പത്തിലധികം കമ്പ്യൂട്ടറുകൾ ഉള്ള ലാബും വൈ ഫൈ സൗകര്യവും, ഹോസ്റ്റലുമുള്ള വിപുലമായ അടിസ്ഥാനസൗകര്യങ്ങളാണ് കോളേജിൽ ഉള്ളത്.

സ്ത്രീകൾക്കും ന്യൂന പക്ഷങ്ങൾക്കും,പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദേശത്തോടെ 2002ൽ അൻസാരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിൽ രൂപീകൃതമായ സ്വാശ്രയ സ്ഥാപനമാണ് അൻസാർ വിമൻസ് കോളേജ്.  എല്ലാ വർഷവും യൂണിവേഴ്സിറ്റി റാങ്കോടെ പാസാകുന്ന അക്കാദമിക പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ കലാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കെ. ജി. തലം പി. ജി.തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളും ട്രെയിനിങ് കോളേജും അൻസാറിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന കോളേജിൽ പെയിൻ ആൻഡ് പാലിയേറ്റിവ് യൂണിറ്റ് ആയ ആശ്വാസ് ക്ലബ്ബും എൻ. എസ്. എസ്. യുണിറ്റും വളരെ സജീവമാണ്.സ്ത്രീശാക്തീകരണത്തിനും അവരുടെ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്ന ഈ കലാലയത്തിന് രണ്ടു തവണ കാലിക്കറ്റ്‌ സർവകലാശാലയിലെ മികച്ച വനിതാ കോളേജിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കോളേജിന് ഐ. സ്. ഒ. അംഗീകാരം ലഭിക്കുന്നത് 2015ൽ ആണ്. എൻ. പി. ടി. എൽ. ലോക്കൽ ചാപ്റ്റർ, ഇഗ്‌നോ സ്റ്റഡി സെന്റർ തുടങ്ങി പ്രവർത്തന മേഖലകൾ വിപുലമാക്കി മികവിലേക്ക് കുതിക്കുകയാണ് അൻസാർ.

പ്രിൻസിപ്പൽ ഫരീദ ജെ., വൈസ് പ്രിൻസിപ്പൽ ആരിഫ് ടി. എ., സി. ഇ. ഒ. ഡോ. നജീബ് മുഹമ്മദ്‌, ഐ. ക്യു. എ. സി. കോ -ഓർഡിനേറ്റർ ജുബി ജോയ്, നാക് കോ -ഓർഡിനേറ്റർ രശ്മി എന്നിവരുടെ നേതൃത്വത്തിൽ ആണ് കോളേജ് മിന്നുന്ന നേട്ടം കൈവരിച്ചത്.