29 March 2024 Friday

വാഹനാപകടത്തിന് കാരണം റോഡിലെ കുഴിയാണോ? എന്‍ജിനിയര്‍ ഒരു ലക്ഷം രൂപ പിഴയടയ്ക്കണം- ഉദ്യോഗസ്ഥനെകൂടി പ്രതിയാക്കി കേസെടുക്കാന്‍ പോലീസ് മടിക്കുന്നു

ckmnews


അപകടത്തിന് കാരണം റോഡിലെ കുഴിയാണെങ്കില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരേ പിഴ ചുമത്താമെന്ന നിയമം അവഗണിക്കപ്പെടുന്നു. 2019-ലെ മോട്ടോര്‍വാഹന ഭേദഗതി നിയമത്തിലാണ് റോഡിലെ കുഴി അപകടത്തിന് കാരണമായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ ഒരുലക്ഷം രൂപവരെ പിഴ ഈടാക്കാമെന്ന് പറയുന്നത്.


ഭേദഗതി നിയമം നിലവില്‍വന്ന് ഒരു വര്‍ഷത്തോളമായിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാന്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെകൂടി പ്രതിയാക്കി കേസെടുക്കാന്‍ പോലീസ് മടിക്കുന്നു. റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും പോലീസിന് ലഭിച്ചിട്ടുള്ളതാണ്. പക്ഷേ, പോലീസിന് ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ ഇല്ലാത്തതാണ് കേസെടുക്കുന്നതിന് തടസ്സമാകുന്നത്.


മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ സെക്ഷന്‍ 198-ലാണ് റോഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത്. റോഡിലെ കുഴിമാത്രമല്ല ഇവിടെ വിഷയം. റോഡിന്റെ തെറ്റായ രൂപരേഖയും നിര്‍മാണവുമൊക്കെ കുറ്റകരമാണ്. ആരുടെ ഉടമസ്ഥതയിലാണോ റോഡ് അവരുടെ പേരില്‍ കേസെടുക്കാമെന്നാണ് നിയമം. പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ അതോറിറ്റി, തദ്ദേശ ഭരണസ്ഥാപനം എന്നിവയ്‌ക്കെതിരേ മാത്രമല്ല ബി.ഒ.ടി. വ്യവസ്ഥയില്‍പ്പെട്ട റോഡ് ആണെങ്കില്‍ ബന്ധപ്പെട്ട കമ്പനിയുടെ പേരിലും കേസെടുക്കാം.


എറണാകുളം നഗരത്തില്‍ പാലാരിവട്ടത്ത് ഡിസംബറിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. റോഡിലെ കുഴിയായിരുന്നു അപകടത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെ പേരിലും കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു.


ഇതിനെ തുടര്‍ന്നായിരുന്നു പോലീസ് അഡ്വക്കേറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയത്. പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിലും കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. തൃശ്ശൂര്‍ നേര്‍ക്കാഴ്ച സമിതി സെക്രട്ടറി പി.ബി. സതീഷ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.