24 April 2024 Wednesday

ദില്ലിയിൽ എല്ലാവർക്കും കൊവിഡ് ടെസ്റ്റ്, 18000 പരിശോധനകൾ പ്രതിദിനം നടത്തും

ckmnews




ദില്ലി:  ദില്ലിയിൽ ഒരു ദിവസം 18000 കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു.


സർവകക്ഷി യോഗത്തിൽ ബിജെപി, ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബിഎസ്‌പി നേതാക്കൾ പങ്കെടുത്തിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കാൻ നടപടി വേണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു. വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കണോ വേണ്ടേ എന്ന കാര്യത്തിൽ യാതൊരു ചർച്ചയും നടന്നില്ല. 


അതേസമയം 450 രൂപ മാത്രം ചെലവ് വരുന്ന കൊവിഡ് ടെസ്റ്റ് ദില്ലിയിൽ ഉടൻ ലഭ്യമാകുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്കും പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.


അതേസമയം ദില്ലിയിലെ ആശുപത്രികളിൽ നിലവിലുള്ള മോർച്ചറികളുടെ ശേഷി വർധിപ്പിക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു. മോർച്ചറികളിൽ ശീതീകരണ കണ്ടെയ്നറുകൾ സ്ഥാപിക്കാനും സമിതി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ പരിശോധനക്ക് ശേഷമാണ് സമിതിയുടെ ശുപാർശ.