29 March 2024 Friday

എരമംഗലം അടക്കം സംസ്ഥാനത്തെ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ്; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

ckmnews

കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ റെയ്ഡ്. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. 


അതേസമയം, കണ്ണൂരില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡി. പരിശോധനയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇ.ഡി. റെയ്ഡ് നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വീടിന് മുന്നില്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു. 


മലപ്പുറം എരമംഗലം പെരുമ്പടപ്പിലും ഇ.ഡി. റെയ്ഡിനിടെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോപ്പുലര്‍ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷന്‍ പ്രസിഡന്റ് റസാഖ് കുറ്റിക്കാടന്റെ വീട്ടിലാണ് ഇ.ഡി. റെയ്ഡ് നടക്കുന്നത്. രാവിലെ 10.30-ന് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. ഇതിനിടെയാണ് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇവിടേക്കെത്തിയത്. പ്രവര്‍ത്തകര്‍ ഇ.ഡി. ഉദ്യോഗസ്ഥരുമായും പോലീസുമായും വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. 


ഡല്‍ഹി കലാപത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന,ദേശീയ നേതാക്കളുടെ വീടുകളില്‍ ഇ.ഡി. സംഘം നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനകളുടെ തുടര്‍ച്ചയായാണ് കൂടുതല്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ ബുധനാഴ്ച റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. എന്നാല്‍ റെയ്ഡിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇ.ഡി. പുറത്തുവിട്ടിട്ടില്ല.