28 March 2024 Thursday

സർക്കാരിന്റെ ഉറപ്പ് പാഴ്‌വാക്കായി; 21 മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല

ckmnews

സർക്കാരിന്റെ ഉറപ്പ് പാഴ്‌വാക്കായി; 21 മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല


കൊച്ചി: ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ. വാഗ്ദാനങ്ങൾ നൽകിയിട്ട് സർക്കാർ അത് പാലിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ട് മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാരിന് വേണ്ടി ഗതാഗത മന്ത്രി ഇടപെട്ട് സമവായ ചർച്ചകൾ നടത്തിയതോടെ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറി. 18ാം തിയതിയ്‌ക്കുള്ളിൽ ആവശ്യങ്ങൾ എല്ലാം പരിഗണിച്ച് പരിഹാരം ഉണ്ടാക്കാമെന്നാണ് മന്ത്രി വാഗ്ദാനം നൽകിയത്. എന്നാൽ വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.ചർച്ച നടന്ന് ഒരു മാസമായിട്ടും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് വീണ്ടും അനിശ്ചിതകാല സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചത്. നിലവിലെ ഇന്ധന വില കണക്കിലെടുത്ത് ഇപ്പോൾ ഉള്ള നിരക്കിൽ സ്വകാര്യ ബസുകൾ ഓടിക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. കൊറോണ കാലത്തെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കണം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയ്‌ക്കുന്നത്. വിഷയത്തിൽ തീരുമാനമാകാതെ സമരത്തിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.


കഴിഞ്ഞ മാസം നടന്ന സമവായ ചര്‍ച്ചയിലും മിനിമം ചാര്‍ജ്ജ് എത്രയാകാമെന്നത് സംബന്ധിച്ച് തീരുമാനം ഒന്നും ആയിരുന്നില്ല. 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ നിലപാടെടുത്തത്. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താതെ ഒരു സബ്കമ്മിറ്റിയെ നിയോഗിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.