29 March 2024 Friday

ഇടിമുഴിക്കൽ- കുറ്റിപ്പുറം - കാപ്പിരിക്കാട് ആറുവരിപ്പാതയുടെ നിർമ്മാണം രണ്ടരവർഷംകൊണ്ട് പൂർത്തിയാക്കും

ckmnews

ഇടിമുഴിക്കൽ- കുറ്റിപ്പുറം - കാപ്പിരിക്കാട് ആറുവരിപ്പാതയുടെ നിർമ്മാണം രണ്ടരവർഷംകൊണ്ട് പൂർത്തിയാക്കും


പൊന്നാനി: മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ആറുവരിപ്പാതയുടെ നിർമാണം രണ്ടരവർഷംകൊണ്ട് പൂർത്തീകരിക്കണമെന്ന നിർദേശവുമായി ദേശീയപാതാ അതോറിറ്റി.നിർമാണം കരാറെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കെ.എൻ.ആർ.സി.എൽ. കമ്പനിയുമായി ദേശീയപാതാ അതോറിറ്റി ഇതുസംബന്ധിച്ച കരാർ ഉണ്ടാക്കും. ആറുവരിപ്പാതയുടെയും ബന്ധപ്പെട്ടു നിർമിക്കുന്ന പാലങ്ങളുടെയും കൃത്യമായ രൂപരേഖ തയ്യാറായതിനു ശേഷമേ ഇതുസംബന്ധിച്ച കരാറിൽ കമ്പനിയുമായി ദേശീയപാത അതോറിറ്റി ഒപ്പുവെക്കൂ. ആറുവരിപ്പാതയ്ക്കുള്ള സ്ഥലമെടുപ്പ് പൂർത്തീകരിക്കേണ്ട ബാധ്യത ദേശീയപാത അതോറിറ്റിക്കാണ്.സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ ജില്ലാകളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തിയിലെ ചേലേമ്പ്ര ഇടിമുഴിക്കൽ മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ തൃശ്ശൂർ ജില്ലാ അതിർത്തിയായ പാലപ്പെട്ടി കാപ്പിരിക്കാട് വരെയും രണ്ട് റീച്ചുകളാണ് ജില്ലയിൽ ഉള്ളത്.ഇടിമുഴിക്കൽ മുതൽ വളാഞ്ചേരി വരെ 60 ശതമാനം സ്ഥലമെടുപ്പും വളാഞ്ചേരി മുതൽ കുറ്റിപ്പുറം വരെ 90 ശതമാനവും കാപ്പിരിക്കാട് വരെ 50 ശതമാനം സ്ഥലമെടുപ്പുമാണ് നിലവിൽ കഴിഞ്ഞത്. ആതവനാട്, കാട്ടിപ്പരുത്തി വില്ലേജുകളിൽ 98 ശതമാനവും കുറ്റിപ്പുറം , നടുവട്ടം വില്ലേജുകളിൽ 95 ശതമാനവും സ്ഥലമെടുപ്പ് നടന്നുകഴിഞ്ഞു. ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാടു വരെ 76 കിലോമീറ്റർ ദൂരത്തിലാണ് മലപ്പുറം  ജില്ലയിലൂടെ ദേശീയപാത 66 കടന്നുപോകുന്നത്.