18 April 2024 Thursday

ഓങ് സാൻ സൂ ചിക്ക് വീണ്ടും തടവ്; 4 വര്‍ഷം ജയില്‍ശിക്ഷ

ckmnews

യാങ്കൂൺ ∙ മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ നാല് വർഷം തടവുശിക്ഷയ്ക്കു വിധിച്ചു. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ ചിക്കു ശിക്ഷ വിധിച്ചത്.


കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാൻ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങൾ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.


83% വോട്ടുകൾ നേടി സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻവിജയം നേടിയ കഴിഞ്ഞ നവംബറിലെ എട്ടിലെ പൊതുതിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി, ഡവലപ്മെന്റ് പാർട്ടി എന്നിവയ്ക്ക് 476 സീറ്റിൽ ആകെ 33 സീറ്റ് മാത്രമാണു ലഭിച്ചത്.


സൂ ചിയുടെ നേതൃത്വത്തിൽ പട്ടാളഭരണത്തിനെതിരെ ദശകങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2011ലാണു രാജ്യത്തു ജനാധിപത്യ മാതൃകയിലുള്ള ഭരണത്തിനു പട്ടാളനേതൃത്വം വഴങ്ങിയത്. 2008ൽ സൈന്യം തയാറാക്കിയ ഭരണഘടനാ പ്രകാരം പാർലമെന്റിൽ 25% സീറ്റുകൾ പട്ടാളത്തിനാണ്. സുപ്രധാന ഭരണപദവികളും സൈന്യം കയ്യാളുന്നു.


പട്ടാള ഭരണകൂടം സൂ ചിയെ 15 വർഷം വീട്ടുതടങ്കലിലാക്കിയിരുന്നു. 2010ൽ സ്വതന്ത്രയായ സൂ ചി, 2015 ലെ തിരഞ്ഞെടുപ്പിൽ തന്റെ കക്ഷിയെ വിജയത്തിലേക്കു നയിക്കുകയും മ്യാൻമറിലെ ആദ്യ ജനാധിപത്യ സർക്കാരിനു നേതൃത്വം നൽകുകയും ചെയ്തു. 5 വർഷം കൂടി ഭരണത്തുടർച്ച ലഭിച്ച രണ്ടാം പൊതു തിരഞ്ഞെടുപ്പാണ് നവംബറിൽ നടന്നത്.