28 March 2024 Thursday

യുഎഇയിലെ പ്രധാനപ്പെട്ട 11 നഗരങ്ങളെ യോജിപ്പിച്ചു കൊണ്ട് ഇത്തിഹാദ് റെയിൽ . അബുദാബി–ദുബായ് 50 മിനിറ്റിലും അബുദാബി–ഫുജൈറ 100 മിനിറ്റിലും എത്തും

ckmnews

യുഎഇയിലെ പ്രധാനപ്പെട്ട 11 നഗരങ്ങളെ യോജിപ്പിച്ചു കൊണ്ട് ഇത്തിഹാദ് റെയിൽ . അബുദാബി–ദുബായ് 50 മിനിറ്റിലും അബുദാബി–ഫുജൈറ 100 മിനിറ്റിലും 


ദുബായ് ∙ വിവിധ മേഖലകളിൽ ഉയർച്ചയുടെ, വികസനത്തിന്റെ പുതിയ പടവുകൾ കയറുന്ന യുഎഇ, റെയിൽവേ പദ്ധതിയായ ‘ഇത്തിഹാദ് റെയിൽ’ പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങളുടെ യാത്രയേയും ചരക്കുനീക്കത്തെയും വലിയ രീതിയിൽ സ്വാധീനിക്കുന്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോർസ് ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനാണ് പ്രഖ്യാപിച്ചത്.2016ൽ ചരക്കു നീക്കത്തിനായി‘ഇത്തിഹാദ് റെയിൽ’ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് യാത്രക്കാരെ ഉൾപ്പെടുത്തുന്നത്. 50 പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് എക്സ്പോ 2020ൽ നടന്ന പ്രത്യേക പരിപാടിയിലാണ് പ്രഖ്യാപനം. സൗദി അറേബ്യയുടെ അതിർത്തി പ്രദേശമായ ഗുവൈഫത്ത് മുതൽ ഫുജൈറ പോർട്ട് വരെയാണ് റെയിൽപാത. ഇത്തിഹാദ് റെയിൽ വരുന്നതോടെ യുഎഇയിലെ യാത്ര കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാകും. യാത്രക്കാരെ കൊണ്ടുപോകുന്നതിന് പുറമേ, ചരക്കു നീക്കത്തിലും വലിയ മാറ്റങ്ങളുണ്ടാകും. 50 ബില്യൺ ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 200 ബില്യൺ ദിർഹത്തിൽ അധികം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമായും മൂന്നു പദ്ധതികളാണ് യുഎഇ റെയിൽവേയിലുള്ളത്. ഇതിൽ ആദ്യത്തേക്ക് ചരക്കു നീക്കമാണ്. ചരക്കു ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണിത്. രണ്ടാമത്തെ പദ്ധതിയാണ് യാത്രക്കാരെ ഉൾപ്പെടുത്തിയുള്ളത്. യുഎഇയിലെ പ്രധാനപ്പെട്ട 11 നഗരങ്ങളെ യോജിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി. അബുദാബി–ദുബായ് 50 മിനിറ്റിലും അബുദാബി–ഫുജൈറ 100 മിനിറ്റിലും എത്തും. 2035 ആകുമ്പോഴേക്കും റെയിൽവേ വഴിയുള്ള യാത്രക്കാരുടെ എണ്ണം വർഷം 36 ദശലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാമത്തെ പദ്ധതി വിവിധ യാത്രാ മാർഗങ്ങളെ സമന്വയിപ്പിച്ചുള്ളതാണ്. യുഎഇയിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്നത് ചെറിയ റെയിൽ പദ്ധതികളാണ് ആലോചിക്കുന്നത്. 


പദ്ധതിയുടെ ആദ്യ ഭാഗം 2016 ജനുവരിയിൽ ആരംഭിച്ചു. ഏതാണ്ട് 30 ദശലക്ഷം ടൺ സാധനങ്ങൾ കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 2018ൽ ആരംഭിക്കുകയും 24 മാസത്തിനുള്ളിൽ 70 ശതമാനം ജോലികൾ തീർക്കുകയും ചെയ്തു. ഇതിനിടെയാണ് കോവിഡ് മഹാമാരി പ്രതിസന്ധിയായത്. 27000 തൊഴിലാളികൾ രാജ്യത്തിന്റെ 3000ൽ അധികം സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്.


പ്രതീക്ഷ ചരക്കുനീക്കത്തിൽ വൻ മാറ്റങ്ങൾ


∙ വടക്കൻ എമിറേറ്റുകളിലെ ക്വാറികളിൽ നിന്നും മറ്റും പ്രതിവർഷം 35 ലക്ഷം ടൺ നിർമാണ വസ്തുക്കൾ അബുദാബിയിൽ എത്തിക്കാനാകും. ഇതോടെ  ട്രക്കുകളുടെ ഒരുലക്ഷത്തിലേറെ ട്രിപ്പുകൾ ഒഴിവാക്കാനാകും. നിലവിൽ പ്രതിദിനം 2,000ൽ ഏറെ ട്രക്കുകൾ ഓടുന്നതായാണു കണക്ക്.


∙ ഇത്തിഹാദ് ട്രെയിൻ റാസൽഖൈമയിൽ നിന്ന് അബുദാബിയിലേക്ക് വർഷത്തിൽ 500 ട്രിപ്പുകളിലേറെ നടത്തും. ചരക്കുനീക്കം പൂർണമായും ട്രെയിനിലാകും.


∙ അബുദാബിയിലെയും ദുബായിലെയും നിർമാണ പ്രവർത്തനങ്ങളുടെ ചെലവ് വലിയ തോതിൽ കുറയാൻ സഹായിക്കും. ട്രക്കുകൾ ഒഴിവാകുന്നതോടെ സമയവും ലാഭിക്കാം.


∙ റാസൽഖൈമയിലെ അൽ ഗെയിൽ ഇത്തിഹാദ് റെയിലിന്റെ പ്രധാന കേന്ദ്രമാകും. അൽ സിജി, മസാഫി, അൽ തവീൻ ക്വാറികളെ ബന്ധിപ്പിച്ചാണ് റെയിൽ ശൃംഖല.