29 March 2024 Friday

ചരിത്രമെഴുതി അജാസ് പട്ടേലിന് ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്; ഇന്ത്യ 325ന് പുറത്ത്

ckmnews

മുംബൈ ∙ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന ഐതിഹാസിക നേട്ടവുമായി ചരിത്രമെഴുതി ന്യൂസീലൻഡിന്റെ ‘ഇന്ത്യക്കാരൻ’ സ്പിന്നർ അജാസ് പട്ടേൽ. ‘പത്തിൽ പത്ത്’ എന്ന അപൂർവനേട്ടവുമായി കിവീസ് സ്പിന്നർ മിന്നിത്തിളങ്ങിയതോടെ, ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റൺസിന് പുറത്തായത്. മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്.ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേൽ. ജനിച്ച നഗരത്തിൽ ജന്മനാടിനെതിരെയാണ് ഈ അപൂർവ നേട്ടമെന്നത് അജാസ് പട്ടേലിന്റെ പ്രകടനത്തെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. മുംബൈയിൽ ജനിച്ച് എട്ടാം വയസ്സിൽ ന്യൂസീലൻഡിലേക്കു കുടിയേറിയ താരമാണ് അജാസ് പട്ടേൽ.


സെഞ്ചുറി നേടിയ ഓപ്പണർ മയാങ്ക് അഗർവാളാണ് ഇന്ത്യയുടോ ടോപ് സ്കോറർ. 311 പന്തുകൾ നേരിട്ട അഗർവാൾ 17 ഫോറും നാലു സിക്സും സഹിതം 150 റൺസെടുത്തു. ടെസ്റ്റിലെ കന്നി അർധസെഞ്ചുറി കണ്ടെത്തിയ അക്ഷർ പട്ടേൽ 128 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്തു. ശുഭ്മൻ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18), വൃദ്ധിമാൻ സാഹ (62 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (0), ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. എല്ലാ വിക്കറ്റുകളും അജാസ് പട്ടേൽ സ്വന്തമാക്കി. ഉമേഷ് യാദവ് (0) പുറത്താകാതെ നിന്നു.


1956 ജൂലൈയിലാണ് ഒരു ടെസ്റ്റ് ഇന്നിങ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതിൽ 23 ഓവറുകൾ മെയ്ഡനായി. പിന്നീട് 1999ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ലയിൽ (ഇപ്പോൾ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം) ഇന്ത്യൻ താരം അനിൽ കുംബ്ലെ ഈ നേട്ടം ആവർത്തിച്ചു. ഇത്തവണ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.


∙ ഇന്ത്യൻ മണ്ണിൽ സന്ദർശക ടീമിന്റെ ബോളറുടെ ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം


10/119 അജാസ് പട്ടേൽ 2021*

8/50 നേഥൻ ലയൺ, 2017

8/215 ജെയ്സൻ ക്രേജ, 2008


ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ മികച്ച ബോളിങ് പ്രകടനം


10/119 അജാസ് പട്ടേൽ, മുംബൈ, 2021*

9/95 ജാക്ക് നൊറെയ്ഗ, പോർട്ട് ഓഫ് സ്പെയിൻ, 1971


∙ ന്യൂസീലൻഡ് താരത്തിന്റെ മികച്ച ബോളിങ് പ്രകടനം


10/119 അജാസ് പട്ടേൽ, ഇന്ത്യയ്‌ക്കെതിരെ, 2021*

9/52 റിച്ചാർഡ് ഹാഡ്‍ലി, ഓസ്ട്രേലിയയ്‌ക്കെതിരെ, 1985


∙ പട്ടേലിന് ‘പത്തിൽ പത്ത്’


നാലു വിക്കറ്റ് നഷ്ടത്തിൽ 221 റൺസുമായി രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യയ്‌ക്കെതിരെ ടിം സൗത്തിയെ ഇറക്കിയാണ് താൽക്കാലിക നായകൻ ടോം ലാതം പോരാട്ടം ആരംഭിച്ചത്. തൊട്ടടുത്ത ഓവർ അജാസ് പട്ടേലിന് നൽകിയ ലാതത്തിന്റെ നീക്കം ഫലം കണ്ടു. നാലാം പന്തിൽ വൃദ്ധിമാൻ ‍സാഹ എൽബിയിൽ കുരുങ്ങി. തൊട്ടടുത്ത പന്തിൽ രവിചന്ദ്രൻ അശ്വിൻ ഗോൾഡൻ ഡക്ക്!


62 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്താണ് സാഹ എൽബിയിൽ കുരുങ്ങിയത്. തൊട്ടടുത്ത പന്തിൽ അശ്വിന്റെ പ്രതിരോധം തകർത്ത പട്ടേൽ, താരത്തെ ഗോൾഡൻ ഡക്കിന് പറഞ്ഞയച്ചു. ഏഴാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി മയാങ്ക് അഗർവാൾ – അക്ഷർ പട്ടേൽ സഖ്യചം ചെറുത്തുനിന്നെങ്കിലും ഉച്ചഭക്ഷണത്തിനു പിന്നാലെ മയാങ്കിനെ പുറത്താക്കി അജാസ് പട്ടേൽ ഇന്ത്യയ്ക്ക് ഏഴാം പ്രഹരവുമേൽപ്പിച്ചു. 311 പന്തിൽ 17 ഫോറും നാലു സിക്സും സഹിതം 150 റൺസെടുത്ത മയാങ്കിനെ അജാസ് പട്ടേൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു.


ടെസ്റ്റിലെ കന്നി അർധസെഞ്ചുറിയുമായി തിളങ്ങിയ അക്ഷർ പട്ടേലിനെയും അജാസ് പട്ടേൽ തന്നെ പുറത്താക്കി. 128 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്താണ് അക്ഷർ പട്ടേൽ പുറത്തായത്. കിവീസിന്റെ എൽബി അപ്പീൽ അംപയർ നിരസിച്ചെങ്കിലും ഡിആർഎസ് ആവശ്യപ്പെട്ട് അവർ വിക്കറ്റ് സ്വന്തമാക്കി.


മത്സരത്തിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കിയതോടെ അജാസ് പട്ടേൽ ടെസ്റ്റിലെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഇന്ത്യൻ മണ്ണിൽ ന്യൂസീലൻഡിനായി ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നറാണ് അജാസ്. ഏഷ്യൻ മണ്ണിൽ ന്യൂസീലൻഡിനായി ഏഴു ടെസ്റ്റുകളിൽനിന്ന് അജാസിന്റെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. മുന്നിൽ ഡാനിയർ വെട്ടോറി (21 ടെസ്റ്റുകളിൽനിന്ന് 8 അഞ്ച് വിക്കറ്റ് നേട്ടം), സർ റിച്ചാർഡ് ഹാ‍ഡ്‌ലി (13 ടെസ്റ്റിൽനിന്ന് 5) എന്നിവർ മാത്രം. ടിം സൗത്തി 13 ടെസ്റ്റിൽനിന്ന് മൂന്ന് 5 വിക്കറ്റ് നേട്ടവുമായി ഒപ്പവുമുണ്ട്.