30 September 2023 Saturday

കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ മരിച്ചു

ckmnews

പുനലൂര്‍: കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ്  മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ മരിച്ചു. തെന്മല ഇടമണ്‍ സ്വദേശി ബിനു (41) ആണ് മരിച്ചത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പു കടിയേറ്റത്.


ഇവിടെയുള്ള ബന്ധുവീട്ടിലേക്ക് വരുംവഴി തോട്ടില്‍ കാല്‍ കഴുകാന്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി പിടികൂടിയ ബിനു ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി. 


പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തു മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും