24 April 2024 Wednesday

കുത്തിവയ്പിനെത്തുടർന്ന് യുവതി മരിച്ച സംഭവം: ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

ckmnews

കുത്തിവയ്പിനെത്തുടർന്ന് യുവതി മരിച്ച സംഭവം: ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു


കുറ്റിപ്പുറം ∙ ‌‌അലർജിക്ക് കുത്തിവയ്പ് എടുത്തതിനെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡപ്യൂട്ടി ഡിഎംഒ അടക്കമുള്ളവരുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളജിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നതെന്ന് ഡിഎംഒ ആർ.രേണുക അറിയിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്ന (27) കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ നിന്ന് അലർജിക്കുള്ള കുത്തിവയ്പ് എടുത്തതിനെ തുടർന്നാണ് മരിച്ചത്.


സംഭവത്തിൽ ആശുപത്രി അധികൃതർക്ക് അനാസ്ഥ സംഭവിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫിസർ അന്വേഷണത്തിന് നിർദേശം നൽകിയത്.  സംഭവത്തിൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. തിരൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം യുവതിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തിരുന്നു. 


ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 25ന് വൈകിട്ട് നാലോടെയാണ് കഴുത്തിലും കയ്യിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഹസ്നയെ കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഹസ്നയെ പരിശോധിച്ച ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ നിന്ന് അലർജിക്കുള്ള 2 ഡോസ് കുത്തിവയ്പ് നൽകി. കുത്തിവയ്പ് എടുത്ത് 10 മിനിറ്റിനുള്ളിൽ അബോധാവസ്ഥയിലായ ഹസ്നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27ന് രാവിലെ മരിക്കുകയായിരുന്നു.