25 April 2024 Thursday

സ്പെക്ട്രം വില കുറയ്ക്കണം': ആവശ്യവുമായി ടെലികോം കമ്പനികൾ

ckmnews

ദില്ലി: സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നിൽ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ.

അടിസ്ഥാന വില 60-70 ശതമാനം കുറച്ചില്ലെങ്കിലും ലേലം വിജയകരമാവില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച മുൻപാണ് ഈ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്രത്തിന് കത്തയച്ചത്. 2022 ഏപ്രിൽ - മെയ് മാസത്തിനിടയിൽ 5ജി സ്പെക്ട്രം ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ വില വലിയൊരു വെല്ലുവിളിയായി നിൽക്കുന്നത് കമ്പനികൾ ഉന്നയിക്കുന്നു. വില കുറച്ചാൽ മാത്രമേ കൂടുതൽ ശക്തമായി ലേലത്തിൽ പങ്കെടുക്കാനാവൂ എന്നാണ് കമ്പനികളുടെ വാദം.

അടിസ്ഥാന വില കുറച്ചില്ലെങ്കിൽ ഇനിയുമൊരിക്കൽ കൂടി സ്പെക്ട്രം വാങ്ങാൻ ആളുണ്ടാവില്ലെന്ന് വൊഡഫോൺ ഐഡിയ മാനേജിങ് ഡയറക്ടർ രവീന്ദർ തക്കാർ പറയുന്നു. ഇപ്പോൾ 5ജി സ്പെക്ട്രം 3.3 - 3.6 ഗിഗാ ഹെർട്സ് ബാന്റിന്റെ അടിസ്ഥാന വില യൂണിറ്റിന് 492 കോടി രൂപയാണ്. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന വിലയാണിതെന്നാണ് കമ്പനികളുടെ വിമർശനം. അതേസമയം നിലവിൽ ലഭിച്ചിരിക്കുന്ന 5 ജി സ്പെക്ട്രം വഴി വിവിധ ബാന്റുകളിൽ ഇന്റർനെറ്റ് ലഭ്യതയുടെ പരീക്ഷണം ടെലികോം കമ്പനികൾ തുടങ്ങിക്കഴിഞ്ഞു.