24 April 2024 Wednesday

ട്രയൽ വിജയം , വിക്ടേഴ്സിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കളാഴ്ച മുതൽ

ckmnews

: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തിങ്കളാഴ്ച ആരംഭിക്കും. വിക്ടേഴ്‌സ് ചാനലില്‍ ഇതുവരെ നടത്തിയ ട്രയല്‍ വിജയകരമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ ക്ലാസ്സുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നത്. ഇതരഭാഷാ ക്ലാസ്സുകളും 15 മുതല്‍ തുടങ്ങും.


അറബി, ഉറുദു, സംസ്‌കൃതം ക്ലാസ്സുകളാണ് 15 മുതല്‍ ആരംഭിക്കുന്നത്. ഇതരഭാഷാ വിഷയങ്ങള്‍ക്ക് മലയാളം വിശദീകരണം ഉണ്ടാകും. ക്ലാസ്സുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തിലാകും നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍പ്പെടുത്തും.


ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ട്രയലിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട് എന്നും വകുപ്പ് വിലയിരുത്തി. ഇതോടെ ട്രയല്‍ അവസാനിപ്പിച്ച്‌് പുതിയ ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.


ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളുടെ അഭാവം മൂലം എല്ലാകുട്ടികള്‍ക്കും ക്ലാസ്സുകള്‍ ലഭ്യമായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ട്രയല്‍ ക്ലാസ്സുകള്‍ പുനഃസംപ്രേക്ഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ കുട്ടികള്‍ക്കും ക്ലാസ്സുകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അംഗനവാടികള്‍, ലൈബ്രറികള്‍ തുടങ്ങി നിരവധി പൊതുഇടങ്ങളില്‍ ടിവി സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്