29 March 2024 Friday

കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് സഭയില്‍; മിനിമം താങ്ങുവില നിയമത്തില്‍ ഭിന്നത

ckmnews

കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് സഭയില്‍; മിനിമം താങ്ങുവില നിയമത്തില്‍ ഭിന്നത


ന്യൂഡൽഹി:വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്നു ലോക്സഭ പാസാക്കും.  ഒരു വർഷമായി കർഷകർ നടത്തുന്ന സമരത്തിലെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്ക‌ുന്നുവെന്ന ആത്മവിശ്വാസമാണു ഭരണകക്ഷി ക്യാംപിലുള്ളത്.


മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷ ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിന് അനുകൂല നിലപാടില്ല. കൃഷിനിയമങ്ങൾ റദ്ദാക്കൽ ബിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ അവതരിപ്പിക്കും. നിയമം റദ്ദാക്കുന്ന ബിൽ പാസാക്കുമ്പോൾ ഹാജരായിരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും ഉൾപ്പെടെ പാർട്ടികൾ എംപിമാർക്കു വിപ്പ് നൽകി. 


സമരത്തിൽ മരിച്ച കർഷകർക്ക് അനുശോചനം അറിയിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തുന്നു.  പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കെയാണ് 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് ഗുരുനാനക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.


ഡിസംബർ 23 വരെയാണു സമ്മേളനം. കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഉൾപ്പെടെ 25 നിർണായക ബില്ലുകൾ പാർലമെന്റിന്റെ ഇന്നു തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. ക്രിപ്റ്റോ കറന്‍സി നിയന്ത്രണ ബില്‍, നഴ്സിങ് കൗണ്‍സില്‍ ബില്‍, ഡാം സുരക്ഷ ബില്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്.



ഇന്ധനവില വര്‍ധന, കര്‍ഷക പ്രക്ഷോഭം, ലഖിംപുര്‍ ഖേരി കൂട്ടക്കൊല എന്നിവ ഉന്നയിച്ച് സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷപ്പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി പുതിയ മുന്നണിക്കുള്ള ശ്രമം തൃണമൂല്‍ കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ നയിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നാണ് ടിഎംസിയുടെ വാദം.