25 April 2024 Thursday

പീഡന പരാതി നല്‍കിയ വനിത പ്രവർത്തകയെ സിപിഎം സസ്പെന്‍ഡ് ചെയ്തു; മറ്റൊരു പരാതിയിലെന്ന് വിശദീകരണം

ckmnews

തിരുവല്ല: തിരുവല്ലയിലെ പീഡന കേസില്‍ പാര്‍ട്ടി നേതാവിനെതിരേ പരാതി നല്‍കിയ വനിത പ്രവര്‍ത്തകയ്‌ക്കെതിരേ സിപിഎം നടപടി. വനിതാപ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം വനിതാ പ്രവര്‍ത്തകയ്‌ക്കെതിരേ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ നടപടിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി വിശദീകരിച്ചു.

വനിത പ്രവര്‍ത്തകയ്ക്കെതിരേ ദിവസങ്ങള്‍ക്ക് മുന്‍പാണ് നടപടി സ്വീകരിച്ചത്. പീഡനം സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. പീഡന പരാതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വവുമായി ആലോചിച്ച് അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലൈംഗീക പീഡനത്തിന് ശേഷം പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു വനിതാപ്രവര്‍ത്തകയുടെ പരാതി. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവര്‍ക്കെതിരേയാണ് തിരുവല്ല പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് മറ്റ് പത്ത് പേര്‍ക്കെതിരേ കൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.